പിന്‍സീറ്റ് യാത്രയ്ക്കു ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ 1600 വരെ

പിന്‍സീറ്റ് യാത്രയ്ക്കു ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ 1600 വരെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഹെല്‍മറ്റ് വയ്ക്കാതെയുള്ള ബൈക്ക് യാത്രയ്ക്ക് പിഴ നൂറു രൂപയാണെങ്കിലും അത് ആയിരത്തി അറുന്നൂറു രൂപ വരെയാവാമെന്ന് അധികൃതര്‍. അപകടകരമായ ഡ്രൈവിങ്, നിയമ ലംഘനം എന്നിവ കൂടി കണക്കിലെടുത്ത് 1600 രൂപ പിഴ ഈടാക്കാമെന്നാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജ്കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. 

ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കു കൂടി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഇതിനുള്ള പിഴ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍. നൂറു  രൂപയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്രയ്ക്കു പിഴ. എന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്ര അപകടകരമായ ഡ്രൈവിങ് ആയി കണക്കാക്കാമെന്ന് അധികൃതര്‍ പറയുന്നു. ആയിരം രൂപയാണ് ഇതിനു പിഴ. ബോധപൂര്‍വമുള്ള നിയമ ലംഘനത്തിനുള്ള അഞ്ഞൂറു രൂപ കൂടിയാവുമ്പോള്‍ പിഴ ശിക്ഷ 1600 രൂപയില്‍ എത്താം. ഇതിനു പുറമേ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെ വണ്ടി ഓടിച്ചതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മനോജ് കുമാര്‍ പറയുന്നു.

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രി കോടതി വിധി അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമം കര്‍ശനമായി നടപ്പാക്കുന്നതിനു മുന്നോടിയായി രണ്ടാഴ്ച ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെയുള്ള യാത്രയുടെ അപകടം ബോധ്യപ്പെടുത്താനാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com