കാന്താരി മുളക് എവിടെ?, തിരുമ്മല്‍ക്കാരനെ വരുത്തിയോ?; കസ്റ്റഡിമരണത്തില്‍ ഉത്തരംമുട്ടി പൊലീസുകാര്‍

കാന്താരിമുളക് നട്ടത്  എവിടെ എന്ന ചോദ്യത്തിന് പിന്നാലെ കാന്താരിമുളക് അരച്ചതെവിടെ എന്നതായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ അടുത്ത ചോദ്യം
കാന്താരി മുളക് എവിടെ?, തിരുമ്മല്‍ക്കാരനെ വരുത്തിയോ?; കസ്റ്റഡിമരണത്തില്‍ ഉത്തരംമുട്ടി പൊലീസുകാര്‍

ഇടുക്കി: കാന്താരി മുളക് നട്ടത് എവിടെ?, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ താഴത്തെ നിലയിലെ ഇടിമുറിയില്‍ വച്ച് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ചോദിച്ച ചോദ്യങ്ങളില്‍ ഒന്നാണിത്. നെടുങ്കണ്ടം കസ്റ്റഡിമരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ പൊലീസുകാരെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരംമുട്ടിച്ചു.

കാന്താരിമുളക് നട്ടത്  എവിടെ എന്ന ചോദ്യത്തിന് പിന്നാലെ കാന്താരിമുളക് അരച്ചതെവിടെ എന്നതായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ അടുത്ത ചോദ്യം.മര്‍ദിച്ച ശേഷം കുഴമ്പു തേച്ചോ, തിരുമ്മല്‍ക്കാരനെ വരുത്തിയോ തുടങ്ങി ചോദ്യശരങ്ങള്‍ കൊണ്ട് പൊലീസുകാരെ ഉത്തരമുട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ ഉണ്ടായിട്ടില്ലെന്ന് പൊലീസുകാരന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മുറിക്കുളളിലുണ്ടായിരുന്നോ എന്നായി ജസ്റ്റിസ് കുറുപ്പിന്റെ മറുചോദ്യം. 

അതേസമയം കസ്റ്റഡിമരണക്കേസില്‍ രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസിനും ഇടുക്കി ആര്‍ഡിഒയ്ക്കും ഇന്നു നിര്‍ദേശം നല്‍കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിസ്തരിക്കുമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. 

കുമാറിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലാണു പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പഴുതുള്ളതാണ്. കുമാറിന്റെ മൃതദേഹം മറവു ചെയ്ത സ്ഥലത്തു കാവല്‍ ഏര്‍പ്പെടുത്തുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. 

നെടുങ്കണ്ടം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും കുമാറിനെ ചികിത്സിച്ച ആശുപത്രിയിലെ രേഖകളും ജുഡീഷ്യല്‍ കമ്മിഷന്‍ പരിശോധിക്കും. കുമാറിനെ ആള്‍ക്കൂട്ടം മര്‍ദിച്ചോ എന്നതും അന്വേഷണപരിധിയില്‍ വരുമെന്നും ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. നെടുങ്കണ്ടം സ്‌റ്റേഷനിലെ ഇടിമുറി, ഒന്നാം നിലയിലെ പൊലീസുകാരുടെ വിശ്രമമുറി, ലോക്കപ്പ് എന്നിവ ജസ്റ്റിസ് കുറുപ്പ് സന്ദര്‍ശിച്ചു. സിഐ സി.ജയകുമാര്‍, എസ്‌ഐ എസ് കിരണ്‍ എന്നിവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തി കുമാറിനെ ചികിത്സിച്ച ഡോക്ടറില്‍ നിന്നും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ നിന്നും തെളിവെടുത്തു. കോലാഹലമേട്ടിലെ കുമാറിന്റെ വീടും പീരുമേട് സബ്ജയിലും പീരുമേട് താലൂക്ക് ആശുപത്രിയും വരുംദിവസങ്ങളില്‍ കമ്മിഷന്‍ സന്ദര്‍ശിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com