വീണ്ടും എസ്എഫ്‌ഐ ആക്രമണം; വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോഴും മാറാതെ എസ്എഫ്‌ഐ
വീണ്ടും എസ്എഫ്‌ഐ ആക്രമണം; വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചു

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോഴും മാറാതെ എസ്എഫ്‌ഐ. എറണാകുളം വൈപ്പിന്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചു. തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ ആക്രമണം നടത്തിയതെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 

എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രീദി, പ്രസിഡന്റ് വിഷ്ണു ടിഎസ് എന്നിവരെ ക്ലാസില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചുവെന്ന് എഐഎസ്എഫ് ആരോപിച്ചു. 

കോളജ് ചെയര്‍മാന്റെയും ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് എഐഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം നിമിഷ രാജു സമകാലിക മലയാളത്തോട് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച കോളജില്‍, കഴിഞ്ഞവര്‍ഷം എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ നിരന്തരം എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം നടക്കുന്ന ക്യാമ്പസാണിത്. തങ്ങള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതാണ് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചതെന്ന് എഐഎസ്എഫ് ആരോപിക്കുന്നു. 

മര്‍ദനമേറ്റ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
 

യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ആവര്‍ത്തിക്കില്ലെന്നും എസ്എഫ്‌ഐ ന്യായീകരിക്കുമ്പോഴാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു ക്യാമ്പസില്‍ എസ്എഫ്‌ഐ ആക്രമണമഴിച്ചിവിട്ടിരിക്കുന്നതെന്നും ഇത് ആ സംഘടനയുടെ മുഴുവന്‍ പ്രശ്‌നമാണെന്നും എഐഎസ്എഫ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com