നെടുങ്കണ്ടം കസ്റ്റഡി കൊല: മുന്‍ എസ്പിയും ഡിവൈഎസ്പിയും കുരുക്കിലേക്ക് ; ഇരുവരുടേയും പങ്ക് അന്വേഷിക്കണമെന്ന് കോടതി, ചോദ്യം ചെയ്യണം

നെടുങ്കണ്ടം കസ്റ്റഡി കൊല: മുന്‍ എസ്പിയും ഡിവൈഎസ്പിയും കുരുക്കിലേക്ക് ; ഇരുവരുടേയും പങ്ക് അന്വേഷിക്കണമെന്ന് കോടതി, ചോദ്യം ചെയ്യണം

എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബു പറയുന്നത്

തൊടുപുഴ : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്പിയും ഡിവൈഎസ്പിയും കുരുക്കിലേക്ക്. രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ എസ്പിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി. തൊടുപുഴ ജില്ല സെഷന്‍സ് കോടതിയുടേതാണ് പരാമര്‍ശം. കേസിലെ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. 

എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബു പറയുന്നത്. അദ്ദേഹം ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. എസ്‌ഐയുടെ ആരോപണം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ എസ്പി അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദേശിക്കുന്നു. ഉത്തരവിന്റെ ഏഴാംപേജിലാണ് കോടതിയുടെ നിര്‍ദേശം. 

ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമര്‍ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 12 ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം അന്യായമായി തടങ്കലില്‍ വെച്ചാണ് ക്രൂരപീഡനത്തിന് വിധേയനാക്കിയത്. കേസില്‍ എസ്‌ഐ അടക്കം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെങ്കിലും, ആരോപണ വിധേയനായ എസ്പിയെ ചോദ്യം ചെയ്യാന്‍ പോലും ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. 

ആരോപണ വിധേയനായ എസ്പി  കെ ബി വേണു​ഗോപാലിനെ സര്‍ക്കാര്‍ കൊച്ചിയിലേക്ക് സ്ഥലംമാറ്റുകയാണ് ചെയ്തത്. എസ്പിയെ ന്യായീകരിച്ച് മന്ത്രി എംഎം മണി അടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ എസ്പിയെ വീടിനടുത്തേക്ക് സ്ഥലംമാറ്റി സര്‍ക്കാര്‍ സുരക്ഷിതനാക്കുകയാണ് ചെയ്തതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com