ടാപ്പ് തുറന്ന വീട്ടുകാര്‍ ഞെട്ടി!;അപൂര്‍വ മത്സ്യം, അമ്പരപ്പ് മാറാതെ കുടുംബം 

കിണറ്റില്‍ നിന്ന് പമ്പ് ചെയ്ത വെള്ളത്തൊടൊപ്പമാണ് മീന്‍ എത്തിയത് എന്നതാണ് വീട്ടുകാരെ അമ്പരപ്പിക്കുന്നത്
ടാപ്പ് തുറന്ന വീട്ടുകാര്‍ ഞെട്ടി!;അപൂര്‍വ മത്സ്യം, അമ്പരപ്പ് മാറാതെ കുടുംബം 

തൃശൂര്‍: വെള്ളം എടുക്കാനായി പൈപ്പ് തുറന്ന വീട്ടുകാര്‍ ഞെട്ടി. വെളളത്തൊടൊപ്പം അപൂര്‍വ ഇനം മത്സ്യത്തെയാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. 
കിണറ്റില്‍ നിന്ന് പമ്പ് ചെയ്ത വെള്ളത്തൊടൊപ്പമാണ് മീന്‍ എത്തിയത് എന്നതാണ് വീട്ടുകാരെ അമ്പരപ്പിക്കുന്നത്. തൃശൂര്‍ ചെറുവാള്‍ അയ്യഞ്ചിറ ഷാജിയുടെ വീട്ടിലാണ് ഈ വിചിത്ര അതിഥി എത്തിയത്. 

ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ് ഇവര്‍ക്കു ലഭിച്ചത്. പൂച്ചമത്സ്യമെന്നും വിളിക്കും.കിണറ്റില്‍ നിന്നും ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്തശേഷം പൈപ്പിലൂടെയാണു മത്സ്യം പുറത്തെത്തിയത്. ചുവപ്പു നിറവും മീശയും ശരീരത്തിനുചുറ്റിലും മുള്ളുപോലെയുള്ള രോമങ്ങളും മീനിനെ ആകര്‍ഷകമാക്കുന്നു.

6 സെന്റീ മീറ്ററോളമാണു നീളം. കഴിഞ്ഞ ദിവസം വാര്‍ത്തയായ ഭൂഗര്‍ഭ വരാല്‍ ആണെന്ന സംശയത്തില്‍ കൊച്ചിയിലെ നാഷനല്‍ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്‌സസ് അധികൃതരെ വിവരമറിയിച്ചു.ഹോറഗ്ലാനസ് വര്‍ഗത്തില്‍പ്പെട്ടതാണെന്ന് ഇവര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ പഠനത്തിനായി മത്സ്യത്തെ ഇവര്‍ക്കു കൈമാറി.ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ഇനത്തില്‍പ്പെട്ട 3 മത്സ്യം മാത്രമാണ് ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഒന്നു കോട്ടയത്തും മറ്റു രണ്ടും തൃശൂര്‍ ജില്ലയിലുമാണ്. ഭൂഗര്‍ഭജല മത്സ്യമായ ഇവയെ ചെങ്കല്ലിലെ സുഷിരങ്ങളിലെ ജലത്തിലാണു പ്രധാനമായും കാണുന്നത്. കണ്ണില്ലാത്ത ജീവിയാണ്. തൊലിപ്പുറത്തുകൂടിയാണ് ശ്വസിക്കുന്നത്.   പൂച്ചയുടേതെന്ന പോലെ മീശ രോമങ്ങള്‍ ഉള്ളതിനാലാണ് ഇവയെ പൂച്ചമത്സ്യം എന്നു വിളിക്കുന്നത്.

ചെറുവാളിനു സമീപം പറപ്പൂക്കരയില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കൊതുകിന്റെ ലാര്‍വ, ചെറിയ മണ്ണിരകള്‍ എന്നിവയാണ് ഭക്ഷണം. ഭൂമിക്കടിയിലെ സമ്മര്‍ദങ്ങളാകാം ഭൂഗര്‍ഭ ജലത്തില്‍ നിന്ന് ഇവയെ പുറന്തള്ളുന്നതെന്ന് ഹോറാഗ്ലാനിസ് വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി തേവര കോളജ് സുവോളജി വിഭാഗം അസി പ്രഫസര്‍ മോന്‍സി വിന്‍സന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com