വിട്ടുവീഴ്ചയില്ലാതെ ജോസഫും ജോസ് കെ മാണിയും ; ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒന്നും അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പക്ഷം

സന്ധിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ്
വിട്ടുവീഴ്ചയില്ലാതെ ജോസഫും ജോസ് കെ മാണിയും ; ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒന്നും അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പക്ഷം

കോട്ടയം : കേരള കോൺ​ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പിജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ തുറന്ന പോരിലേക്ക്. ചെയര്‍മാന്‍ സ്ഥാനത്തില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം. ലയനസമയത്തെ ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ്. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിക്കേണ്ട. ഈ മാസം 9 ന് മുമ്പ് യോഗം വിളിക്കാമെന്നായിരുന്നു ജോസഫ് അറിയിച്ചിരുന്നതെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. 

അതേസമയം സന്ധിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ്. പാര്‍ട്ടിയിലെ സീനിയറായ തനിക്കാണ് ചെയര്‍മാന്‍ പദവി അവകാശപ്പെട്ടതെന്ന് ജോസഫ് വ്യക്തമാക്കി. തര്‍ക്കം തെരുവിലേക്ക് വലിച്ചിഴച്ചതില്‍ പി.ജെ.ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. കോലംകത്തിച്ചവരുമായി യോജിച്ചുപോകാനാവില്ലെന്നാണ് ജോസഫിന്റെ  നിലപാട്.

പി.ജെ.ജോസഫിനേയോ സി.എഫ്.തോമസിനേയോ ചെയര്‍മാനാക്കണമെന്നാണ്് ജോസഫിന്റെ നിലപാട്. സി.എഫ് ചെയര്‍മാനായാല്‍ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും നിയമസഭാനേതാവുമാകും. ജോസഫ് ചെയര്‍മാനായാല്‍ ജോസ്.കെ.മാണി വര്‍ക്കിങ് ചെയര്‍മാനും!, സിഎഫ് നിയമസഭാനേതാവുമാകും. എന്നാല്‍ വര്‍ക്കിങ് ചെയര്‍മാനാകണമെങ്കില്‍ ചെയര്‍മാന്‍ പദവി ഉറപ്പുകിട്ടണമെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം.

നിയമസഭകക്ഷി നേതാവിനെ ഒന്‍പതിന് മുന്‍പ് തിരഞ്ഞെടുക്കണമെന്ന സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനുള്ള തീരുമാനം. ഇരുപക്ഷത്തെയും എംഎല്‍എമാര്‍ പങ്കെടുക്കുന്ന യോഗം സമവായ ചര്‍ച്ചകള്‍ക്കുള്ള വേദിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഭരണഘടന പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്ന കടുത്ത നിലപാടിലാണ് മാണി വിഭാഗം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com