ഇനി പ്രതിദിന സര്‍വീസുകള്‍; കേരളത്തിന് രണ്ടു മെമു കൂടി അനുവദിച്ചു

കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ ലഭിക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും
ഇനി പ്രതിദിന സര്‍വീസുകള്‍; കേരളത്തിന് രണ്ടു മെമു കൂടി അനുവദിച്ചു

കൊച്ചി:പരമ്പരാഗത കോച്ചുകളുളള പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (െമമു) ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ ലഭിക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം റൂട്ടിലാകും ഇവ ഓടിക്കുക. 12 കോച്ചുകളുളള  മെമു ട്രെയിനുകളാണു പുതിയതായി വരുന്നത്. കൂടുതല്‍ പേര്‍ക്കു യാത്ര ചെയ്യാമെന്നതിനൊപ്പം പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനും കഴിയും.

തിരുവനന്തപുരം ഡിവിഷനിലെ മെമു സര്‍വീസുകള്‍ പ്രതിദിനമല്ലെന്ന പ്രശ്‌നത്തിനു പുതിയ റേക്കുകള്‍ പരിഹാരമാകും. നിലവില്‍ ശനിയാഴ്ച സര്‍വീസില്ലാത്ത മെമു സര്‍വീസുകള്‍ പ്രതിദിനമാകും. മെമു വരുമ്പോള്‍ പിന്‍വലിക്കുന്ന പരമ്പരാഗത പാസഞ്ചര്‍ കോച്ചുകള്‍ നിലവിലുളള എക്‌സ്പ്രസ് ട്രെയിനുകളില്‍ കോച്ചുകള്‍ കൂട്ടാന്‍ ഉപയോഗിക്കും. മംഗളൂരു-ഷൊര്‍ണൂര്‍ പാത വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലബാര്‍ മേഖലയില്‍ മെമു സര്‍വീസ് ഇതുവരെയില്ല.

കോഴിക്കോട്-കണ്ണൂര്‍, മംഗളൂരു-കണ്ണൂര്‍, കോഴിക്കോട്-എറണാകുളം റൂട്ടില്‍ മെമു സര്‍വീസുകള്‍ വേണമെന്ന ആവശ്യത്തിനാണു പരിഹാരമുണ്ടാകാത്തത്. കൊല്ലം- ചെങ്കോട്ട പാതയില്‍ ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) ഓടിക്കുന്നതിന്റെ സാധ്യതയും റെയില്‍വേ ആരായും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com