''നമുക്കു മറ്റെന്തെങ്കിലും സംസാരിക്കാം'' ; അധ്യക്ഷനായി തുടരണമെന്ന് അഭ്യര്‍ഥിച്ച കേരള നേതാക്കളെ പകുതിയില്‍ തടഞ്ഞ് രാഹുല്‍

''നമുക്കു മറ്റെന്തെങ്കിലും സംസാരിക്കാം'' ; അധ്യക്ഷനായി തുടരണമെന്ന് അഭ്യര്‍ഥിച്ച കേരള നേതാക്കളെ പകുതിയില്‍ തടഞ്ഞ് രാഹുല്‍
പിടിഐ
പിടിഐ

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ഥന രാഹുല്‍ ഗാന്ധി നിരസിച്ചതായി റിപ്പോര്‍ട്ട്. രാജിയില്‍നിന്നു പിന്‍മാറണമെന്ന, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും അഭ്യര്‍ഥന മുഴുവന്‍ കേള്‍ക്കാന്‍ പോലും രാഹുല്‍ തയാറായില്ലെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വയനാട് സന്ദര്‍ശന വേളയിലാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം രാഹുലിനെ അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന് അല്ലാതെ ആര്‍ക്കും പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കേരള നേതാക്കളുടെ ആവശ്യം മുഴുമിപ്പിക്കാന്‍ പോലും രാഹുല്‍ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നമുക്കു മറ്റു കാര്യങ്ങള്‍ സംസാരിക്കാം എന്നു പറഞ്ഞ് രാഹുല്‍ വിഷയത്തില്‍ വിഷയത്തില്‍നിന്നു വഴുതി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഡല്‍ഹിയില്‍ വ്ച്ച് അദ്ദേഹത്തെ കണ്ട് ഇക്കാര്യം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. രാഹുല്‍ തുടരണമെന്ന കേരളത്തിലെ പാര്‍ട്ടിയുടെ വികാരം അറിയിക്കാനാണ്, വയനാട് സന്ദര്‍ശന വേളയില്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും ശ്രമിച്ചത്. എന്നാല്‍ രാജി തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്ന സൂചനയാണ് അദ്ദേഹം കേരള നേതാക്കള്‍ക്കു നല്‍കിയത്.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. പ്രവര്‍ത്തക സമിതി രാഹുലിന്റെ രാജി തള്ളിയിരുന്നു. പാര്‍ട്ടിയെ പുനസംഘടിപ്പിക്കാന്‍ രാഹുലിനെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രാജിയില്‍നിന്നു പിന്നോട്ടില്ലെന്നും നെഹറു കുടുംബത്തിനു പുറത്തുനിന്നൊരാള്‍ അധ്യക്ഷ പദവിയില്‍ എത്തണമെന്നുമുള്ള നിലപാടാണ് രാഹുല്‍ നേതാക്കളെ അറിയിച്ചിട്ടുള്ളത്. എത്രയും വേഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്നും അതുവരെ തുടരാമെന്നുമാണ് രാഹുല്‍ അറിയിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com