ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് അനധികൃത യോ​ഗം; തീരുമാനങ്ങൾ നിലനിൽക്കില്ല; പിജെ ജോസഫ്

കേരള കോൺ​ഗ്രസ് (എം) ചെയർമാനെ തെരഞ്ഞെടുക്കാനായി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് അനധികൃത യോ​ഗമാണെന്ന് വർക്കിങ് ചെയർമാൻ പിജെ ജോസഫ്
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് അനധികൃത യോ​ഗം; തീരുമാനങ്ങൾ നിലനിൽക്കില്ല; പിജെ ജോസഫ്

കോട്ടയം: കേരള കോൺ​ഗ്രസ് (എം) ചെയർമാനെ തെരഞ്ഞെടുക്കാനായി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചേർന്നത് അനധികൃത യോ​ഗമാണെന്ന് വർക്കിങ് ചെയർമാൻ പിജെ ജോസഫ്. പാർട്ടിയുടെ പ്രവർത്തനം ഭരണഘടനയ്ക്കനുസരിച്ചാണ്. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം. ബ​ദൽ യോ​ഗത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും സംസ്ഥാന കമ്മിറ്റി അം​ഗങ്ങളല്ല. ഈ യോ​ഗം ഭരണഘനാ വിരുദ്ധമാണെന്നും ജോസഫ് വ്യക്തമാക്കി. 

ചെയർമാനോ, വർക്കിങ് ചെയർമാനോ അതുമല്ലെങ്കിൽ ഇവർ ചുമതലപ്പെടുത്തന്ന ആൾക്കോ മാത്രമേ സംസ്ഥാന കമ്മിറ്റി യോ​ഗം വിളിക്കാൻ അധികാരമുള്ളു. അതുകൊണ്ടു തന്നെ അത്തരമൊരു യോ​ഗമല്ല നടന്നത്. ബദൽ യോ​ഗം വെറും ആൾകൂട്ടം മാത്രമായിരുന്നു. അനധികൃതമായ ഈ യോ​ഗത്തിലെ തീരുമാനങ്ങൾ നിലനിൽക്കുന്നതല്ലെന്നും യോ​ഗത്തിനെത്തിയവർ പാർട്ടിക്ക് പുറത്തായി കഴിഞ്ഞുവെന്നും ജോസഫ് പറഞ്ഞു. 

നേരത്തെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ജോസ്  കെ മാണിയെ പിന്തുണച്ചു. 437 അംഗ സംസ്ഥാന സമിതിയില്‍ 325 പേര്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന് ജോസ് കെ മാണി പക്ഷം അവകാശപ്പെട്ടു. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ബദല്‍ സംസ്ഥാന സമിതി യോഗം വിളിച്ച് ചേര്‍ക്കുകയും ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തത്. ഭൂരിപക്ഷ സംസ്ഥാന സമിതി അംഗങ്ങളും ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നുവെന്ന് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നു. 

അതേസമയം പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരില്‍ മൂന്നുപേരും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയും തങ്ങള്‍ക്ക് ഒപ്പമാണെന്ന് പി ജെ ജോസഫ് പക്ഷം അവകാശപ്പെടുന്നു. 29 അംഗ ഉന്നതാധികാര സമിതിയില്‍ 15 പേര്‍ തങ്ങളുടെ ഒപ്പമാണെന്നാണ് ജോസഫ് പക്ഷം പറയുന്നത്.റോഷി അഗസ്റ്റിനും എന്‍ ജയരാജും മാത്രമാണ് ജോസ് കെ മാണിക്ക് ഒപ്പം നില്‍ക്കുന്നത്. സംഘടന സെക്രട്ടറി സി എഫ് തോമസ്  ഒപ്പം നില്‍ക്കുന്നത് ചൂണ്ടിക്കാണിച്ച് ഔദ്യോഗിക പക്ഷം തങ്ങളുടേതാണെന്ന നിലപാടും ജോസഫ് പക്ഷം മുന്നോട്ടുവെയ്ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com