വിഷയം സെറ്റില്‍ ചെയ്യാമെന്ന് വാഗ്ദാനം ; തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു ; ബിനോയിയും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പൊലീസിന്റെ പക്കല്‍ ; കുരുക്ക് മുറുകുന്നു

യുവതിയും ബിനോയിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും, മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു
വിഷയം സെറ്റില്‍ ചെയ്യാമെന്ന് വാഗ്ദാനം ; തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു ; ബിനോയിയും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പൊലീസിന്റെ പക്കല്‍ ; കുരുക്ക് മുറുകുന്നു

മുംബൈ : ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു. പരാതി ഒതുക്കിതീര്‍ക്കാന്‍ ബിനോയി യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ അടക്കമുള്ള തെളിവുകള്‍ മുംബൈ പൊലീസിന് ലഭിച്ചു. തനിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്നും, താന്‍ മുംബൈയില്‍ എത്തുമ്പോള്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും ബിനോയി യുവതിക്ക് വാഗ്ദാനം നല്‍കുന്നു. 

യുവതിയുടെ പക്കലുള്ള തെളിവുകളും താനുമായി ബന്ധപ്പെടുത്തുന്ന രേഖകളും എല്ലാം നശിപ്പിക്കണമെന്നും ബിനോയി സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യുവതിയും ബിനോയിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും, മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്.

പൊലീസിന് ലഭിച്ച ഓഡിയോയും ഫോട്ടോകളും എല്ലാം പ്രത്യേക അന്വേഷണ സംഘം സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ നല്‍കി. തെളിവുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. യുവതി നല്‍കിയ രേഖകളും തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 2010 മുതല്‍ 2015 വരെ ബിനോയി യുവതിക്കും കുട്ടിക്കും ചെലവിന് പണം അയച്ചുകൊടുത്തതിന്റെ ബാങ്ക് രേഖകള്‍ അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. 

അതിനിടെ ഇന്നലെ ഉച്ചയോടെ പരാതിക്കാരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നല്‍കി. പരാതിക്കാരിയുടെ സഹോദരിയുടെ മൊഴിയും പൊലീ്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിനോയിയുമായുള്ള ബന്ധത്തിന്റെ സാക്ഷി കൂടിയാണ് സഹോദരി. കൂടാതെ യുവതിയുടെ കുടുംബസുഹൃത്തിന്റെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിനോയിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുംബൈയിലെ ഉന്നത പൊലീസ് അധികൃതർ നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനോയിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കഴിഞ്ഞ ദിവസം ബിനോയിയുടെ കണ്ണൂരിലെ വീട്ടില്‍ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ചെന്നെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. 

ബിനോയിയുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. എന്നാല്‍ ഒരു ഫോണ്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഓണായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അത് കേരളത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിനോയി കേരളത്തിലോ, മുംബൈയിലോ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വിദേശരാജ്യങ്ങളില്‍ അടക്കം ഉന്നതബന്ധങ്ങള്‍ ഉള്ളതിനാല്‍ ബിനോയി രാജ്യം വിടാനുള്ള സാധ്യതയും പൊലീസ് മുന്നില്‍ക്കാണുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും ബിനോയിക്കെതിരെ പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ സോഷ്യൽ മീഡിയയിൽ യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി യുവതിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തും. ബിനോയിക്കെതിരെ പരാതി നൽകിയതിന് ശേഷമാണ് ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത്. വിഷയത്തിൽ ബിനോയിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും യുവതിയുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. വിഷയത്തിൽ സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. എന്നാൽ ബിനോയി കള്ളനാണ്. അദ്ദേഹം സത്യസന്ധനാണെങ്കിൽ, അന്വേഷിച്ചെത്തിയ മുംബൈ പൊലീസിനെ ഭയക്കുന്നത് എന്തിനാണെന്നും പരാതിക്കാരിയുടെ ബന്ധുക്കൾ ചോദിക്കുന്നു. 

ദുബായിലെ ഒരു ബാറിലെ ഡാന്‍സറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2009 മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും ബീഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com