മുറ്റത്ത് വവ്വാൽ ചത്തുവീണു; നിപ അങ്കലാപ്പിൽ പരക്കം പാഞ്ഞ് വീട്ടുകാർ; ആശയക്കുഴപ്പത്തിനൊടുവിൽ ആശ്വാസം

വീട്ടുമുറ്റത്ത് ചത്തു വീണ വവ്വാൽ വീട്ടുകാരെയും നാട്ടുകാരെയും വട്ടംചുറ്റിച്ചു
മുറ്റത്ത് വവ്വാൽ ചത്തുവീണു; നിപ അങ്കലാപ്പിൽ പരക്കം പാഞ്ഞ് വീട്ടുകാർ; ആശയക്കുഴപ്പത്തിനൊടുവിൽ ആശ്വാസം

പള്ളുരുത്തി: വീട്ടുമുറ്റത്ത് ചത്തു വീണ വവ്വാൽ വീട്ടുകാരെയും നാട്ടുകാരെയും വട്ടംചുറ്റിച്ചു. പള്ളുരുത്തി കട്ടത്തറ ജെയ്‌സിങ്ങിന്റെ വീട്ടുവളപ്പിലാണ് വവ്വാലിനെ കണ്ടത്. നിപ പേടിയുള്ളതിനാൽ ചത്ത വവ്വാലിനെ കണ്ട ഉടനെ വീട്ടുടമ ആരോഗ്യ വകുപ്പ് അധികൃതരെയും പൊതുപ്രവർത്തകരെയും വിവരമറിയിച്ചു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കാനായിരുന്നു ആരോഗ്യ വകുപ്പിൽ നിന്നുള്ള നിർദേശം. ഉടനെ കൊച്ചി നഗരസഭയുടെ ഹെൽത്ത് വിഭാഗത്തെ വിവരമറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രബീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വവ്വാലിനെ മറവ് ചെയ്തു. 

എന്നാൽ വീട്ടുകാർക്ക് വീണ്ടും സംശയമായി. വവ്വാലിനെ വീട്ടുമുറ്റത്ത് മറവു ചെയ്താൽ കുഴപ്പമാകുമോ എന്നതായിരുന്നു അവരുടെ ആശങ്ക. വിവരമറിഞ്ഞ് പൊതുപ്രവർത്തകരെത്തി. നഗരസഭയുടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. ജനപ്രതിനിധികളെയും ബന്ധപ്പെടാനായില്ല. ഇതിനിടയിൽ പൊതുപ്രവർത്തകർ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും വിവരമറിയിച്ചു. ഡിഎംഒയെ വിളിക്കാനായിരുന്നു അവിടെ നിന്നുള്ള നിർദേശം. തുടർന്ന് വീണ്ടും ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു.

വവ്വാലിനെ കുഴിച്ചിടുന്നതിനു മുൻപ് നിപയുമായി ബന്ധപ്പെട്ട പ്രത്യേക വിഭാഗത്തെ അറിയിക്കണമെന്ന് അവർ നിർദേശിച്ചു. കുറെക്കഴിഞ്ഞ് ഡിഎംഒയുടെ ഓഫീസിൽ നിന്ന് വീണ്ടും പ്രതികരണം. വിവരം വെറ്ററിനറി ഡോക്ടറെ അറിയിക്കാനായിരുന്നു നിർദേശം. ഉടനെ വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു. നിപ മൂലം വവ്വാൽ ചാകില്ലെന്നും ചത്ത വവ്വാലിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പള്ളുരുത്തിയിലെ വെറ്ററിനറി ഡോക്ടർ അന്തിമ തീർപ്പ് പറഞ്ഞു. ചത്ത വവ്വാലിനെ പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചതോടെയാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com