കൊച്ചുവേളി മുതല്‍ കൊല്ലംവരെ, എറണാകുളം നോര്‍ത്ത് മുതല്‍ ആലുവ വരെ 'പ്രശ്‌നബാധിത മേഖല'; ട്രെയിനിന് കല്ലെറിയുന്നവരെ കുടുക്കാന്‍ റെയില്‍വെ

ട്രെയിനുകള്‍ക്കുനേരെ കല്ലെറിയുന്ന സംഭവങ്ങളില്‍ കുറ്റക്കാരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി റെയില്‍വെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ട്രെയിനുകള്‍ക്കുനേരെ കല്ലെറിയുന്ന സംഭവങ്ങളില്‍ കുറ്റക്കാരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി റെയില്‍വെ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപടി. എറണാകുളം നോര്‍ത്ത് മുതല്‍ ആലുവ വരെയും കൊച്ചുവേളി മുതല്‍ കൊല്ലം വരെയുമാണ് പ്രശ്‌നബാധിത സ്ഥലങ്ങള്‍. ഈ മേഖലകളില്‍ ആര്‍പിഎഫിനെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുള്‍പ്പെടെ പരിഗണനയിലുണ്ടെന്ന് ദക്ഷിണ റെയില്‍വെ വ്യക്തമാക്കി. 

ട്രെയിനുകളില്‍ അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നവര്‍ക്കെതിരേയും നടപടി കര്‍ശനമാക്കിയിട്ടുണ്ട്. കോച്ചില്‍ വെള്ളമില്ലെന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ക്ക് ചങ്ങല വലിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് നിയമനടപടികളിലേക്ക് കടന്നത്. തിരുവനന്തപുരം ഡിവിഷന് കീഴില്‍ ഈ വര്‍ഷം മേയ് വരെ 239 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 1,13,600 രൂപ പിഴയും ഈടാക്കി.

അപകടഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ് അപായച്ചങ്ങല. അവയുടെ ദുരുപയോഗം ട്രെയിനുകള്‍ വൈകുന്നതിന് കാരണമാകുന്നതായി അധികൃതര്‍ പറഞ്ഞു. കാരണമില്ലാതെ ചങ്ങല വലിച്ചതിന് ഈ വര്‍ഷം മേയ് വരെ 775 കേസുകളാണ് ദക്ഷിണ റെയില്‍വേ രജിസ്റ്റര്‍ ചെയ്തത്. 774 പേരെ അറസ്റ്റ് ചെയ്യുകയും 3,72,450 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

ട്രെയിനിലെ ഫാനും ലൈറ്റും പ്രവര്‍ത്തിക്കുന്നില്ല, സ്‌റ്റേഷനില്‍ ഇറങ്ങാനാകാതെ ഉറങ്ങിപ്പോകുക, കൂടെയുള്ളവര്‍ക്ക് ട്രെയിനില്‍ കയറാന്‍പറ്റാതെ വരിക, വൈദ്യസഹായം, സാധനങ്ങള്‍ നഷ്ടമാകുക തുടങ്ങിയ സാഹചര്യങ്ങളിലാണ് യാത്രക്കാര്‍ അനാവശ്യമായി ചങ്ങല വലിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ചങ്ങല വലിച്ചതിന് മതിയായ കാരണം വ്യക്തമാക്കാന്‍ കഴിയാതെവന്നാല്‍ റെയില്‍വേ കേസെടുക്കും. ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com