സഭ്യേതര പ്രയോ​ഗം വേണ്ട, അച്ചടക്കമില്ലാതെ മുന്നോട്ടുപോകാനാകില്ല; ബൽറാമിന് മുല്ലപ്പള്ളിയുടെ താക്കീത്

സഭ്യേതരമായ പ്രയോഗങ്ങള്‍ പാടില്ല. സ്ത്രീത്വത്തെ അപമാനിക്കരുത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം
സഭ്യേതര പ്രയോ​ഗം വേണ്ട, അച്ചടക്കമില്ലാതെ മുന്നോട്ടുപോകാനാകില്ല; ബൽറാമിന് മുല്ലപ്പള്ളിയുടെ താക്കീത്

കൊച്ചി : സമൂഹമാധ്യമങ്ങളിലെ പദപ്രയോ​ഗവുമായി ബന്ധപ്പെട്ട് വി ടി ബൽറാമും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിലുള്ള വാക്പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അച്ചടക്കം വേണം. അച്ചടക്കമില്ലാതെ കോൺ​ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ വിഷയത്തിൽ വി ടി ബൽറാമിന് പരസ്യമായ താക്കീത് നൽകാൻ മുതിരുന്നില്ലെന്നും  മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

ബല്‍റാം ആരാധകവൃന്ദത്തെ ഉണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സഭ്യേതരമായ പ്രയോഗങ്ങള്‍ പാടില്ല. സ്ത്രീത്വത്തെ അപമാനിക്കരുത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം. അച്ചടക്കം പാലിച്ചേ മതിയാകൂ. അയഞ്ഞ പ്രസ്ഥാനമായി കോൺ​ഗ്രസിന് മുന്നോട്ടുപോകാനാകില്ല. എകെജിയെ ആക്ഷേപിച്ചുള്ള പഴയ പോസ്റ്റിനെയും മുല്ലപ്പള്ളി വിമര്‍ശിച്ചു. എകെജി എന്ന സ്വാതന്ത്രസമര സേനാനിയുടെ സംഭാവന മറക്കാന്‍ പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ നിന്നിറങ്ങി വി ടി ബല്‍റാം എംഎല്‍എ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി  രാമചന്ദ്രന്‌ മറുപടിയുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നാണ് ബല്‍റാം മറുപടി നൽകിയത്. അതോടൊപ്പം തന്റെ ഒരു ദിവസത്തെ ദിനചര്യയും ബല്‍റാം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com