ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങും ; നിലപാട് കടുപ്പിച്ച് കന്യാസ്ത്രീകള്‍

ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങും ; നിലപാട് കടുപ്പിച്ച് കന്യാസ്ത്രീകള്‍

കേസില്‍ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ബിഷപ്പ് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നില്‍

കോട്ടയം : കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് പരാതിക്കാരിയെ അനുകൂലിക്കുന്ന കന്യാസ്ത്രീകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കോട്ടയം എസ് പി ഹരിശങ്കറെ കണ്ടു. നാലു ദിവസത്തിനകം കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമെന്നാണ് എസ് പി അറിയിച്ചത്. ബിഷപ്പിനെതിരായ കുറ്റപത്രം ഇനിയും വൈകിയാല്‍ തെരുവില്‍ ഇറങ്ങാന്‍ മടിക്കില്ലെന്നും, അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണക്കുന്ന സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു. 

കേസില്‍ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ബിഷപ്പ് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നില്‍. കോണ്‍വെന്റിന് അകത്തു നിന്നുതന്നെ സിസ്റ്ററിന് പല വിധ പീഡനങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. സിസ്റ്ററിന് ആവശ്യമായ മരുന്നുകളോ ഭക്ഷണമോ നല്‍കുന്നില്ല. കന്യാസ്ത്രീകള്‍ക്കും സിസ്‌റ്റേഴ്‌സിനും സുരക്ഷ നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് എസ്പി അറിയിച്ചതായി സിസ്റ്റര്‍ അനുപമ പറഞ്ഞു. 

കേസിലെ സാക്ഷികളായ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് കോട്ടയം എസ്പിയെ നേരില്‍ കണ്ട് കുറ്റപത്രം വൈകുന്നതില്‍ അതൃപ്തി അറിയിച്ചത്. ബലാല്‍സംഗ കേസില്‍ സെപ്റ്റംബര്‍ 21 നാണ് ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. 25 ദിവസത്തിന് ശേഷം ബിഷപ്പ് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും സര്‍ക്കാര്‍ വൈകി. കേസില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കുറ്റപത്രം സമര്‍പ്പിച്ചേക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് എസ്പിയെ കാണാന്‍ എത്തിയതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com