തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെപിസിസിയില്‍ വന്‍ അഴിച്ചുപണി ; പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ല. ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. പാര്‍ട്ടി നന്നായിട്ടു പോകണം
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെപിസിസിയില്‍ വന്‍ അഴിച്ചുപണി ; പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ ചുമതലയേറ്റതിന് പിന്നാലെ കെപിസിസി പുനഃസംഘടനയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അത് നീണ്ടുപോകുകയായിരുന്നു. ഇതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടായിരുന്നു. 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകും. ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ല. പ്രവര്‍ത്തന മികവിനാകും പ്രധാന്യം നല്‍കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഗ്രൂപ്പുകള്‍ എന്ന സംവിധാനത്തോട് തനിക്ക് യോജിപ്പില്ല. ഗ്രൂപ്പുകള്‍ എന്ന സംവിധാനം കേരളത്തില്‍ ഇപ്പോഴില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 

ഏതെങ്കിലും ഒരു ഘട്ടത്തില്‍പോലും നേതാക്കള്‍ തമ്മില്‍ അസ്വാരസ്യം ഉണ്ടായിട്ടില്ല. ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. പാര്‍ട്ടി നന്നായിട്ടു പോകണം. ഏറ്റവും കഴിവും കാര്യശേഷിയുമുള്ള ആളുകളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. അവരെ വെച്ചുകൊണ്ട് സംഘടന മുന്നോട്ടുപോകണമെന്നാണ് ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്നത്. 

ആരെയൊക്കെ ഏതൊക്കെ സ്ഥാനത്ത് നിയോഗിക്കണം എന്നത് സംബന്ധിച്ച വിലയിരുത്തലുകളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തന മികവ്, പാര്‍ട്ടിയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടി വിലയിരുത്തിയാകും പുതിയ ഭാരവാഹികളെ തീരുമാനിക്കുകയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. 

കള്ളവോട്ട് സംബന്ധിച്ച് കേരള സമൂഹത്തിന് ആശങ്കയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് വ്യാപകമായി കള്ളവോട്ട് നടക്കാറുള്ളത്. ഇത്തവണയും നടന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തായ ആര്‍സി അമബ ബൂത്ത് പിണറായിയിലും കള്ളവോട്ട് നടന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. 

ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തു. കേരളത്തില്‍ സിപിഎമ്മിനെതിരെ ജനവികാരം എതിരായ സന്ദര്‍ഭം ഇപ്പോഴത്തേതുപോലെ ഉണ്ടായിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് 18 സീറ്റ് നേടുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കള്ളവോട്ട്, ആള്‍മാറാട്ടം തുടങ്ങി എല്ലാകാര്യങ്ങളും ചെയ്തതിന്റെ അടിസ്ഥാനത്തിലാകും കോടിയേരി ഇങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 

മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്ത ചരിത്രമില്ല. എല്ലാ കാര്യങ്ങളും പരിശോധിക്കണം. ഇത്തരം ജീര്‍ണത അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പില്‍ ആര് കൃത്രിമം നടത്തിയാലും അത് ജനാധിപത്യ പ്രകിയയെ അട്ടിമറിക്കുന്ന നടപടിയായി മാത്രമേ കാണാനാകൂ. വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാദ്യമപ്രവര്‍ത്തകന്‍ ഭീഷണി നേരിടുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com