'തെളിയാതെ കിടക്കുന്ന കേസുകൾ ഏറ്റെടുക്കാൻ വിസമ്മതിച്ചു'; വനപാലകർ പട്ടിയെ വിട്ട് കടിപ്പിച്ചെന്ന് പരാതി

ഫോറസ്റ്റ് ഓഫീസർമാർ നായാട്ടുകേസിലെ പ്രതിയെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: ഫോറസ്റ്റ് ഓഫീസർമാർ നായാട്ടുകേസിലെ പ്രതിയെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. പെരിയാര്‍വന്യജീവിസങ്കേതത്തില്‍ കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി കല്ലംപറമ്പിൽ ജോസുകുട്ടിയാണ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം വനപാലകർ കള്ളക്കേസില്‍ക്കുടുക്കി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ പീരുമേട് റെയ്ഞ്ചാഫീസ് ഉപരോധിച്ചു. 

കേസിൽ കീഴടങ്ങിയ പ്രതിയെ റെയ്ഞ്ചാഫീസറിന്റെ നേതൃത്വത്തില്‍ രാത്രി മുഴുവൻ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പട്ടിയെ കൊണ്ട്  കടിപ്പിച്ചെന്നാണ് പരാതി. മേഖലയിൽ തെളിയാതെ കിടക്കുന്ന കേസുകൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാണ് ഉപദ്രവം. പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ജോസുകുട്ടി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.

നേരത്തേ ജോസുകുട്ടിയുടേതെന്നു കരുതുന്ന ഒരു തോക്ക് വനപാലകര്‍ കണ്ടെടുത്തിരുന്നു. ഇയാൾക്ക് ഒപ്പമുള്ളവർക്കായി ഫോറസ്റ്റ് വിഭാഗത്തിന്റെ തെരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് വനപാലകർ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത് എത്തിയത്. നിരപരാധികളെ തല്ലിച്ചതച്ച റെയ്ഞ്ച് ഓഫീസറെയും സഹപ്രവര്‍ത്തകരെയും പുറത്താക്കും വരെ റേഞ്ച് ഓഫീസ് ഉപരോധം തുടരാനാണ് സമരസമിതിയുടെ തീരുമാനം. എന്നാൽ ആരോപണം വനംവകുപ്പ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com