കടുത്ത പനിയെ അവഗണിച്ച് പെരുവനം കൊട്ടിക്കയറി, നാദവിസ്മയം തീര്‍ത്തു; ആവേശത്തില്‍ പൂരപ്രേമികള്‍

രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെയുണ്ടായ തളര്‍ച്ചയെ തൃണവല്‍കരിക്കുന്നതായിരുന്നു കുട്ടന്‍ മാരാരുടെ മേളം
കടുത്ത പനിയെ അവഗണിച്ച് പെരുവനം കൊട്ടിക്കയറി, നാദവിസ്മയം തീര്‍ത്തു; ആവേശത്തില്‍ പൂരപ്രേമികള്‍

തൃശ്ശൂര്‍: ഇലഞ്ഞിത്തറമേളം എന്ന് കേട്ടാല്‍ അടുത്തകാലത്തായി പൂരപ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്ന പേര് പെരുവനം കുട്ടന്‍ മാരാരുടേതാണ്. അദ്ദേഹത്തിന്റെ കൈവിരലുകളിലെ മാന്ത്രികത കാണാനാണ് പൂരപ്രേമികള്‍ മുഖ്യമായി തൃശൂര്‍ പൂരത്തിന് ഒഴുകിയെത്തുന്നത്. തൃശൂര്‍ പൂരം നടക്കുന്ന ഇന്ന് രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാരിനുണ്ടായ തളര്‍ച്ച പൂരപ്രേമികളെ ആശങ്കയിലാഴ്ത്തി. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് അദ്ദേഹം ഉണ്ടാകുമോ എന്ന തരത്തിലുളള ആശങ്കകളാണ് പൂരപ്രേമികളുടെയിടയില്‍ പങ്കുവെച്ചത്.

എന്നാല്‍ ഈ ആശങ്കകളെയും ശാരീരികാസ്വസ്ഥതകളെയും മറന്ന് വടക്കുംനാഥ സന്നിധിയിലെ ഇലഞ്ഞിത്തറമേളത്തില്‍ പെരുവനം കുട്ടന്‍ മാരാര്‍ കൊട്ടിക്കയറിയപ്പോള്‍, പൂരപ്രേമികള്‍ക്ക് അത് ഇരട്ടി ആവേശമായി. രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെയുണ്ടായ തളര്‍ച്ചയെ തൃണവല്‍കരിക്കുന്നതായിരുന്നു കുട്ടന്‍ മാരാരുടെ മേളം. 

ഇലഞ്ഞിത്തറയില്‍ മേളം തുടങ്ങിയതോടെ പൂരലഹരിയില്‍ തൃശൂര്‍ നഗരം മുങ്ങുന്ന കാഴ്ചയാണ് ദൃശ്യമായത്. രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണിരുന്നു. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്. 

ആചാരമനുസരിച്ച് 8 ഘടകകക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയിരുന്നു. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ചടങ്ങിന്റെ ഭാഗമായുള്ള പഞ്ചവാദ്യവും പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിന്റെ ഭാഗമായി ചെമ്പടമേളവും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ ആണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com