സുരേഷ് ഗോപി വന്നത് തിരിച്ചടിയായി, കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകള്‍ ചോര്‍ന്നു; തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് ടിഎന്‍ പ്രതാപന്‍

തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായത് യുഡിഎഫിന്റെ വിജയപ്രതീക്ഷയെ ബാധിച്ചിട്ടുണ്ടെന്ന് മുന്നണി സ്ഥാനാര്‍ഥിയും ഡിസിസി അധ്യക്ഷനുമായ ടിഎന്‍ പ്രതാപന്‍
സുരേഷ് ഗോപി വന്നത് തിരിച്ചടിയായി, കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകള്‍ ചോര്‍ന്നു; തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് ടിഎന്‍ പ്രതാപന്‍

തിരുവനന്തപുരം: തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായത് യുഡിഎഫിന്റെ വിജയപ്രതീക്ഷയെ ബാധിച്ചിട്ടുണ്ടെന്ന് മുന്നണി സ്ഥാനാര്‍ഥിയും ഡിസിസി അധ്യക്ഷനുമായ ടിഎന്‍ പ്രതാപന്‍. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്കു പോയെന്നും ഇതു യുഡിഎഫിനു തിരിച്ചടിയാവാമെന്നും പ്രതാപന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വിശകലനത്തിനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് ടിഎന്‍ പ്രതാപന്റെ വിലയിരുത്തല്‍.

സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി എത്തിയതോടെ വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായെന്നു കരുതേണ്ടിവരുമെന്ന് പ്രതാപന്‍ പറഞ്ഞു. ഹിന്ദു വോട്ടുകള്‍, പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍ ബിജെപിയിലേക്കു പോയിട്ടുണ്ടാവാം. അങ്ങനെയങ്കില്‍ അതു തിരിച്ചടിയാണ്. നെഗറ്റിവ് ഫലവും പ്രതീക്ഷിക്കണമെന്ന് പ്രതാപന്‍ യോഗത്തെ അറിയിച്ചു. 

ആര്‍എസ്എസ് ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടത്തിയത്. ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ഇത് യുഡിഎഫ് വോട്ടുകളെയാണ് ചോര്‍ത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും ഫലസാധ്യതയും ചര്‍ച്ച ചെയ്യാനാണ് കെപിസിസി നേതൃയോഗം ചേര്‍ന്നത്. ഉച്ച വരെയുള്ള സെഷനില്‍ ഡിസിസി പ്രസിഡന്റുമാരാണ് സംസാരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com