'കയ്യും കാലും തല്ലിയൊടിക്കാന്‍ അങ്ങോട്ടുവരാം' ; വോട്ട് അസാധുവാക്കിയ കൗണ്‍സിലറെ ആക്രമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു ?; മണ്ഡലം പ്രസിഡന്റും കൗണ്‍സിലറും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍

പ്രതിയോഗികളെ ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ നയമല്ല. സിപിഎമ്മിന്റെ ഒത്താശയോടെ മനഃപൂര്‍വം ആക്ഷേപിക്കുകയാണ്
'കയ്യും കാലും തല്ലിയൊടിക്കാന്‍ അങ്ങോട്ടുവരാം' ; വോട്ട് അസാധുവാക്കിയ കൗണ്‍സിലറെ ആക്രമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു ?; മണ്ഡലം പ്രസിഡന്റും കൗണ്‍സിലറും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍


കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ കോണ്‍ഗ്രസ് കൗണ്‍സിലറെ ആക്രമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായുള്ള ഫോണ്‍ സംഭാഷണം വിവാദമാകുന്നു. വോട്ട് അസാധുവാക്കിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇ എം മജീദിനെ ആക്രമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായുള്ള മണ്ഡലം പ്രസിഡന്റിന്റെ ഫോണ്‍ സംഭാഷണമാണ് വിവാദമായത്. കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എം ഒ വര്‍ഗീസും കൗണ്‍സിലര്‍ മജീദും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

'തന്റെ കയ്യും കാലും തല്ലിയൊടിക്കാന്‍ ഏതോ ഹോട്ടലില്‍ വെച്ച് തീരുമാനിച്ചെന്ന വിവരം കിട്ടിയല്ലോ'യെന്ന് മജീദ് മണ്ഡലം പ്രസിഡന്റിനോട് വിളിച്ചുചോദിക്കുമ്പോഴാണ് വിവാദ സംഭാഷണമുണ്ടാകുന്നത്. 'എന്റെ കയ്യും കാലും തല്ലിയൊടിക്കാന്‍ എവിടെയാണെന്നു വെച്ചാല്‍ അങ്ങോട്ടുവരാം' എന്ന് മജീദ് പറയുമ്പോള്‍, 'പാര്‍ട്ടി തീരുമാനമല്ലേ മജീദേ...' എന്നാണ് മണ്ഡലം പ്രസിഡന്റിന്റെ മറുപടി. 

എന്നാല്‍ 'കയ്യും കാലുമായി ഇപ്പോള്‍ തന്നെ ഞാന്‍ അങ്ങോട്ടുവരാ'മെന്ന് മജീദ്. 'ആയിക്കോട്ടെ' എന്ന് മണ്ഡലം പ്രസിഡന്റ് വര്‍ഗീസും മറുപടി നല്‍കുന്നതോടെ സംഭാഷണം അവസാനിക്കുന്നു. എന്നാല്‍ മജീദ് വിളിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനമെന്ന് പറഞ്ഞത്, പ്രതിഷേധപ്രകടനം നടത്തുന്ന കാര്യമാണെന്നാണ് മണ്ഡലം പ്രസിഡന്റ് പിന്നീട് വിശദീകരിച്ചത്. 

പ്രതിയോഗികളെ ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ നയമല്ല. സിപിഎമ്മിന്റെ ഒത്താശയോടെ മനഃപൂര്‍വം ആക്ഷേപിക്കുകയാണ്. നിയമനടപടി കൈക്കൊള്ളുമെന്നും മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് പറഞ്ഞു. ബുധനാഴ്ച നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മജീദ് വോട്ട് അസാധുവാക്കി എല്‍ഡിഎഫിനെ വിജയിപ്പിച്ചു എന്നാണ് യുഡിഎഫിന്റെ പരാതി.  വോട്ട് അസാധുവാക്കിയ മജീദിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

നഗരസഭ ചെയര്‍പേഴ്‌സണായിരുന്ന ഷീല ചാരുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതോടെ 43 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 21 പേര്‍ വീതമായി. എന്നാല്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ, ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ ഉഷ പ്രവീണ്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com