കുഞ്ഞനുജത്തിയുടെ അന്ത്യയാത്രക്ക് പ്രിയപ്പെട്ട കരടിപ്പാവ; പിതാവിനൊപ്പം ഇനി ജൊവാന ഉറങ്ങും

മൃതദേഹം അടക്കം ചെയ്ത പെട്ടിക്കു മുകളില്‍ പതിച്ച, ജൊവാനയുടെ ചിരിക്കുന്ന ചിത്രത്തിനടുത്തായി കരടിപ്പാവയെ ഇരുത്തി
കുഞ്ഞനുജത്തിയുടെ അന്ത്യയാത്രക്ക് പ്രിയപ്പെട്ട കരടിപ്പാവ; പിതാവിനൊപ്പം ഇനി ജൊവാന ഉറങ്ങും

ഇടുക്കി: കുഞ്ഞനുജത്തിക്ക് ഏറ്റവും പ്രിയപ്പെട്ട കരടിപ്പാവയെ ജൊവാനയുടെ മൃതദേഹത്തിനരികില്‍ വച്ചപ്പോള്‍ മൂത്ത സഹോദരന്‍ ജോയല്‍ വിതുമ്പി. പിതാവ് റിജോഷിനൊപ്പം ഒരേ കുഴിയിലായിരുന്നു ജൊവാനയുടെയും അന്ത്യവിശ്രമം. മുംബൈ പന്‍വേലിലെ ലോഡ്ജില്‍ അമ്മ ലിജിയും അമ്മയുടെ സുഹൃത്ത് വസീമും ചേര്‍ന്ന് വിഷം നല്‍കി കൊലപ്പെടുത്തിയ ജൊവാന(2)യുടെ മൃതദേഹം പുത്തടിയിലെ റിജോഷിന്റെ കുടുംബവീട്ടില്‍ എത്തിച്ചപ്പോള്‍ ഗ്രാമം വിതുമ്പി. 

വീട്ടുകാരും നാട്ടുകാരും 'കുഞ്ഞൂസ്' എന്നു വിളിക്കുന്ന ജൊവാനയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കരടിപ്പാവ. മൃതദേഹം അടക്കം ചെയ്ത പെട്ടിക്കു മുകളില്‍ പതിച്ച, ജൊവാനയുടെ ചിരിക്കുന്ന ചിത്രത്തിനടുത്തായി കരടിപ്പാവയെ ഇരുത്തി. പാവയെ കുഞ്ഞനുജത്തിയുടെ ശവകുടീരത്തില്‍ വച്ചശേഷമാണു  ജോയല്‍ കണ്ണീരോടെ പള്ളിയില്‍ നിന്നു മടങ്ങിയത്. കരടിപ്പാവയെ ചേര്‍ത്തുപിടിച്ച് കരഞ്ഞുകൊണ്ട് മൃതദേഹത്തിനരികില്‍ നിന്ന സഹോദരങ്ങളായ ജോയലും ജോഫിറ്റയും കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

ജൊവാനയുടെ മൃതദേഹം ശാന്തന്‍പാറ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.  സംസ്‌കാര ശുശ്രൂഷകള്‍ക്ക് ലത്തീന്‍ സഭ കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ മുല്ലശേരി മുഖ്യകാര്‍മികത്വം വഹിച്ചു. പുത്തടിയിലെ ഫാം ഹൗസില്‍ കൊല്ലപ്പെട്ട പുത്തടി മുല്ലൂര്‍ റിജോഷിന്റെ(31) ഇളയ മകളാണ് ജൊവാന. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം പൊലീസിന് വിഡിയോ സന്ദേശം അയച്ചിരുന്നു. ലിജിയും ജൊവാനയുമായി മുംബൈ പന്‍വേലിലേക്കു കടക്കുകയായിരുന്നു വസീം.  

ജൊവാനയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വസീമും ലിജിയും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരെയും പന്‍വേല്‍ സെന്‍ട്രല്‍ പൊലീസ് മുംബൈ ജെജെ ആശുപത്രിയിലേക്കു മാറ്റി. ലിജി നേരത്തേ അപകട നില തരണം ചെയ്തിരുന്നു. വസീമിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് മുംബൈയില്‍ തുടരുന്ന കേരളത്തില്‍ നിന്നുള്ള അന്വേഷണം സംഘം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com