പൊലീസുകാര്‍ മുന്നിട്ടിറങ്ങി ; സഹായഹസ്തം നീട്ടി സുമനസ്സുകളും ; ഗായകനും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാതെ കഴിയാം

കഴിഞ്ഞ പ്രളയകാലത്താണ് അന്നത്തെ വണ്ടന്‍മേട് എസ്‌ഐ ഷനില്‍കുമാര്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കുന്നത്
പൊലീസുകാര്‍ മുന്നിട്ടിറങ്ങി ; സഹായഹസ്തം നീട്ടി സുമനസ്സുകളും ; ഗായകനും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാതെ കഴിയാം

ഇടുക്കി : ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിഞ്ഞ ഗായകന്‍ തേനി മുത്തുവിനും കുടുംബത്തിനും ഉണ്ടായിരുന്ന വലിയ സ്വപ്‌നമായിരുന്നു മഴ വന്നാല്‍ നനയാത്ത, അടച്ചുറപ്പുള്ളൊരു വീട്. വണ്ടന്‍മേട് രാജാക്കണ്ടം കുന്നേല്‍ തേനി മുത്തു എന്ന കുഞ്ഞുമോന്റെ ആ സ്വപനം ഇന്ന് പൂവണിയുകയാണ്. വണ്ടന്‍മേട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്, വെറും സ്വപ്നം മാത്രമാകുമെന്ന് കരുതിയത് യാഥാര്‍ത്ഥ്യമാക്കിയത്.

തേനി മുത്തുവും ഭാര്യയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബം ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് കഴിഞ്ഞിരുന്നത്. വീടെന്ന് പറയാന്‍ പോലുമാകാത്ത ഒന്ന്. കഴിഞ്ഞ പ്രളയകാലത്താണ് അന്നത്തെ വണ്ടന്‍മേട് എസ്‌ഐ ഇ.ജി.ഷനില്‍കുമാര്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കുന്നത്. തുടര്‍ന്ന് വീടു നിര്‍മിച്ചു നല്‍കാന്‍ അദ്ദേഹം മുന്‍കൈ എടുക്കുകയായിരുന്നു.

വീട് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ സുമനസ്സുകളായ ചിലര്‍ സ്‌പോണ്‍സര്‍ ചെയ്തു. അണക്കര ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോസഫ് തൂങ്കുഴി നാല് ലക്ഷം രൂപ തേനി മുത്തുവിന്റെ വീടിനായി നല്‍കി. സാമൂഹികപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും അകമഴിഞ്ഞ സംഭാവനകള്‍ കൂടിയായതോടെ ആറു മാസം കൊണ്ട് വീടു നിര്‍മാണം പൂര്‍ത്തിയാക്കി.

വിശ്രമവേളകളില്‍ വീടു നിര്‍മാണത്തിനായി സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായി. വീടു വാര്‍ക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരാണ് രംഗത്ത് ഉണ്ടായിരുന്നത്. മൂന്ന് കിടപ്പുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും ഉള്‍പ്പെടെ 800 സ്‌ക്വയര്‍ഫീറ്റ് വരുന്ന വീടിനായി 10 ലക്ഷത്തോളം രൂപയാണ് ചെലവായത്.

പുതിയ വീടിന്റെ താക്കോല്‍ദാനം ഇന്ന് വൈകീട്ട് രാജാക്കണ്ടത്ത് നടക്കും. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ ഐ പി എസ് തേനി മുത്തുവിന് പുതിയ ഭവനത്തിന്റെ താക്കോല്‍ കൈമാറും. ഫാദര്‍ ജോസഫ് തൂങ്കുഴി മുഖ്യ കാര്‍മികത്വം വഹിക്കും. കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ കടുത്ത ആരാധകനായ തേനിമുത്തുവിന്റെ മറ്റൊരു ആഗ്രഹം സ്റ്റൈല്‍ മന്നനെ നേരില്‍ കാണുക എന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com