''മുടി കെട്ടാന്‍ പോലും അറിയാത്ത എന്റെ മകള്‍ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കില്ല'': ഫാത്തിമയുടെ ഉമ്മ

സംഭവദിവസം വിഡിയോ കോള്‍ വഴി അഞ്ച് തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. ഫാത്തിമ കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.
''മുടി കെട്ടാന്‍ പോലും അറിയാത്ത എന്റെ മകള്‍ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കില്ല'': ഫാത്തിമയുടെ ഉമ്മ

കൊച്ചി: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാനാവില്ലെന്ന് മാതാവ് സജിത പറയുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം മൊബൈലില്‍ കുറിച്ച ശേഷമാണ് ഫാത്തിമ മരിച്ചത്. ഓണ്‍ ചെയ്താല്‍ ഉടന്‍ കാണത്തക്ക വിധത്തില്‍ ഫോണിലെ വോള്‍പേപ്പര്‍ ആയാണ് ഇത് രേഖപ്പെടുത്തിയിരുന്നത്.

'മുടി കെട്ടാന്‍ പോലും അറിയാത്ത മോള്‍ തൂങ്ങിമരിച്ചെന്ന് ആര് പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. അവള്‍ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്' ഫാത്തിമയുടെ മാതാവ് സജിത പറഞ്ഞു. സംഭവദിവസം വിഡിയോ കോള്‍ വഴി അഞ്ച് തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. ഫാത്തിമ കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

സംഭവദിവസം രാത്രി 9.30 വരെ മെസ് ഹാളില്‍ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണ് ഹോസ്റ്റല്‍ മുറിയിലേക്ക് അയച്ചതെന്നു കന്റീന്‍ ജീവനക്കാരന്‍ അറിയിച്ചതായി സജിത പറയുന്നു. ഫാത്തിമ ആത്മഹത്യ ചെയ്തത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തിലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണല്‍ പരീക്ഷയില്‍ 20 ല്‍ 13 മാര്‍ക്ക് ആണ് ആരോപണ വിധേയനായ അധ്യാപകന്‍ നല്‍കിയത്. മൂല്യനിര്‍ണയത്തില്‍ പിശകുണ്ടെന്നു കാണിച്ച് അധ്യാപകന് ഇ-മെയില്‍ അയച്ചപ്പോള്‍ 18 മാര്‍ക്ക് നല്‍കി.

ഈ അധ്യാപകനെ കൂടാതെ രണ്ട് അസിസ്റ്റന്റ്  പ്രഫസര്‍മാര്‍ക്കും ചില വിദ്യാര്‍ഥികള്‍ക്കും മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കയര്‍ ഫാനില്‍ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയിലായിരുന്നു വിദ്യാര്‍ത്ഥിനി തൂങ്ങിയ കയര്‍ കണ്ടെത്തിയത്. ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് അധ്യാപകര്‍ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com