യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വേണാടിന് ഇനി എറണാകുളം സൗത്ത് സ്റ്റേഷൻ ഇല്ല; പകരം വേറെ വണ്ടികൾ

തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ എറണാകുളം ജങ്ഷൻ (സൗത്ത്) ഒഴിവാക്കാനുള്ള ശ്രമവുമായി റെയിൽവേ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വേണാടിന് ഇനി എറണാകുളം സൗത്ത് സ്റ്റേഷൻ ഇല്ല; പകരം വേറെ വണ്ടികൾ

കൊച്ചി: തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ എറണാകുളം ജങ്ഷൻ (സൗത്ത്) ഒഴിവാക്കാനുള്ള ശ്രമവുമായി റെയിൽവേ. പുതിയ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ബി) റേക്ക് വന്നതോടെ എറണാകുളം സൗത്തിൽ അധികം സമയമെടുക്കേണ്ടി വരുന്നതാണ് കാരണമായി പറയുന്നത്.

സൗത്ത് സ്റ്റേഷൻ വഴി പോകുമ്പോൾ ട്രെയിനിന്റെ ദിശ മാറ്റേണ്ടി വരും. പഴയ റേക്ക് ആയിരുന്നപ്പോൾ എൻജിൻ ദിശ മാറ്റി സ്ഥാപിക്കാൻ 20 മിനുട്ടാണ് സൗത്ത് സ്റ്റേഷനിൽ എടുത്തിരുന്നത്. പുതിയ എൽഎച്ബി റേക്കിൽ ഹെഡ് ഓൺ ജനറേഷൻ എന്ന രീതിയിലാണുള്ളത്. ഇതിൽ എൻജിനിൽ നിന്നാണ് കോച്ചുകളിലേക്ക് വൈദ്യുതി നൽകുന്നത്. ഇലക്ട്രിക്കൽ ഭാ​ഗങ്ങൾ പൂർണമായും വിച്ഛേദിച്ചാണ് എൻജിൻ സ്ഥാപിക്കുന്നത്.

എൻജിൻ യോജിപ്പിച്ച ശേഷം വീണ്ടും ഇലക്ട്രിക്കൽ ഭാ​ഗങ്ങൾ ഘടിപ്പിച്ച് പരിശോധന നടത്തണം. ഇതിന് 40 മിനുട്ടോളം വേണം. അതിനാൽ സൗത്ത് സ്റ്റേഷനിൽ കയറാതെ ഈ സമയം ലാഭിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. നോർത്ത് വഴി പോകുകയാണെങ്കിൽ ദിശ മാറാതെ നേരെ പോകാം.

നിലവിൽ വൈകീട്ട് 5.25നാണ് വേണാട് എക്സ്പ്രസ് സൗത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട സമയം. ഇപ്പോൾ 5.45 വരെയെങ്കിലും വൈകുന്നുണ്ട്. സൗത്തിലെത്താൻ വേണാടിനെ ആശ്രയിക്കുന്നവർക്ക് മെമു തുടങ്ങാനും ആലോചിക്കുന്നുണ്ട്.

കൊല്ലത്ത് നിന്ന് രാവിലെ 5.45ന് പുറപ്പെട്ട് 9.50ന് എറണാകുളം സൗത്തിൽ എത്തുന്ന മെമുവാണ് പരി​ഗണനയിലുള്ളത്. വൈകുന്നേരം സൗത്ത് സ്റ്റേഷനിൽ നിന്ന് വേണാടിൽ യാത്ര ചെയ്തിരുന്നവർക്കായി 6.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ടിരുന്ന കായംകുളം പാസഞ്ചറിന്റെ സമയം ക്രമീകരിക്കും. എറണാകുളം സൗത്തിൽ നിന്ന് വൈകുന്നേരം. 5.45നും ആറിനും ഇടയിൽ പുറപ്പെടുന്ന രീതിയിലായിരിക്കും പാസഞ്ചർ ക്രമീകരിക്കുക.

പുതിയ മെമു വരുന്നതോടെ രാവിലെയുള്ള വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com