'അച്ഛന്‍ വരാതെ ഇനി സ്‌കൂളിലേക്കില്ലെന്ന്' ഇഷ ; ഒറ്റ അറസ്റ്റില്‍ വഴി മുട്ടിയത് രണ്ട് കുടുംബങ്ങള്‍, പ്രതിഷേധം

ചാക്കോകളം പാലം പൊളിച്ചുപണിത കേസിലാണ്,  പഞ്ചായത്ത് അംഗം ബികെ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തത്
'അച്ഛന്‍ വരാതെ ഇനി സ്‌കൂളിലേക്കില്ലെന്ന്' ഇഷ ; ഒറ്റ അറസ്റ്റില്‍ വഴി മുട്ടിയത് രണ്ട് കുടുംബങ്ങള്‍, പ്രതിഷേധം

ആലപ്പുഴ : ഗതാഗതയോഗ്യമല്ലാത്ത പാലം പൊളിച്ചുപണിതതിന് പഞ്ചായത്ത് മെമ്പറെ അടക്കം അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ കൈനകരി പഞ്ചായത്തിലാണ് സംഭവം. കൈനകരി പഞ്ചായത്തിലെ 3ാം വാര്‍ഡില്‍ ജലഗതാഗത്തിനു തടസ്സമായ ചാക്കോകളം പാലം പൊളിച്ചുപണിത കേസിലാണ്,  പഞ്ചായത്ത് അംഗം ബി കെ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദിനൊപ്പം രതീഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിപിഎം ഭരിക്കുന്ന കൈനകരി പഞ്ചായത്ത്, പൊതുമുതല്‍ നശിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് പഞ്ചായത്ത് അംഗം വിനോദിനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നടപടിക്കെതിരെ പഞ്ചായത്ത് ഓഫീസിന് മു്ന്നില്‍ നടന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ വിനോദിന്റെ ഭാര്യ ധന്യയ്‌ക്കൊപ്പം കുട്ടമംഗലം സ്‌കൂളിലെ 7ാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ഇഷയും എത്തിയിരുന്നു. ഇളയ മക്കളായ അഭിറാമിനും അനശ്വറിനും അച്ഛന്‍ ജയിലിലാണെന്നറിയില്ല. വിനോദിന്റെ സംരക്ഷണയില്‍ കഴിയുന്ന സഹോദരി മിനിമോള്‍ ഉള്‍പ്പെടെയുള്ള കുടുംബം ഇപ്പോള്‍ ദുരിതത്തിലാണ്.

'അച്ഛന്‍ ജയിലിലായിട്ടു നിനക്കു വിഷമമൊന്നുമില്ലേ?' എന്ന കൂട്ടുകാരുടെ ചോദ്യം കേട്ട് കരഞ്ഞു തളര്‍ന്നാണ് മോള്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നു വീട്ടിലെത്തിയത്. അച്ഛന്‍ വരാതെ ഞാനിനി സ്‌കൂളില്‍ പോകില്ലെന്നാണ് അവള്‍ പറയുന്നതെന്ന് ധന്യ പറഞ്ഞു. വിനോദിനൊപ്പം ജയിലിലുള്ള പെയിന്റിങ് തൊഴിലാളിയായ രതീഷിന്റെ കുടുംബവും പട്ടിണിയിലാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

പാലുകാരന്‍ തോട്ടിലെ സൊസൈറ്റി പാലവും ചാക്കോകളം പാലവും പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് ദുരന്തനിവാരണ സമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതു നടപ്പാക്കുന്നത് അധികൃതര്‍ വൈകിക്കുകയായിരുന്നുവെന്ന് നാട്ടുകാരനായ സിബികുമാര്‍ പറഞ്ഞു. ഈ പാലത്തിനു ചുവട്ടിലൂടെ വള്ളത്തില്‍ യാത്ര ചെയ്യുമ്പോഴാണ് സിബികുമാറിന്റെ മകന്റെ തല പാലത്തിലിടിച്ചു പൊട്ടിയത്. രണ്ടു പാലങ്ങള്‍ കാരണം 5 മിനിറ്റുകൊണ്ട് എത്തേണ്ട സ്ഥലത്തേക്ക് 5 കിലോമീറ്റര്‍ ചുറ്റി വേണം എത്താനെന്നും സിബികുമാര്‍ പറഞ്ഞു.

കൈനകരിയിലെ ആറുപങ്ക്, പരുത്തിവളവ്, വാവാക്കാട് വടക്ക്, തെക്ക് എന്നീ പാടങ്ങളില്‍ വളവും വിത്തും എത്തിക്കേണ്ടത് ഈ തോട്ടിലൂടെയാണ്. അതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ കൈനകരി പഞ്ചായത്തംഗം ബി കെ വിനോദുമായി പൊലീസ് തെളിവെടുപ്പു നടത്തി. പാലം പൊളിക്കാന്‍ ഉപയോഗിച്ച കട്ടറും കൂടവും വീട്ടില്‍ നിന്നു കണ്ടെടുത്തു. വിനോദിന്റെയും രതീഷിന്റെയും ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. നാളെ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കഴിഞ്ഞ ഏഴിനാണ് വിനോദും രതീഷും അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com