മാനസികാസ്വാസ്ഥ്യമുള്ള അന്തേവാസിയുടെ ആക്രമണം; പ്രതീക്ഷാഭവനിലെ അഞ്ച് പേര്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

ഒരാളുടെ കണ്ണിനും മറ്റുള്ളവരുടെ വയറിനുമാണ് കുത്തേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


 
മലപ്പുറം; മലപ്പുറം തവനൂര്‍ പ്രതീക്ഷാഭവനിലെ മാനസികാസ്വാസ്ഥ്യമുള്ള അന്തേവാസിയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്കു ഗുരുതര പരുക്ക്. അടുക്കളയില്‍നിന്ന് കത്തി കൈവശപ്പെടുത്തിയ യുവാവ് മറ്റുള്ളവരെ കുത്തുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. ഒരാളുടെ കണ്ണിനും മറ്റുള്ളവരുടെ വയറിനുമാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന പുരുഷന്‍മാര്‍ക്കുള്ള സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രമാണ് പ്രതീക്ഷാഭവന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടതി ഉത്തരവ് വഴിയും അല്ലാതെയും എത്തുന്നവരാണ് കേന്ദ്രത്തിലുള്ളത്. വീട്ടുകാര്‍ ഉപേക്ഷിക്കുന്നവരും വഴിയരികില്‍ കണ്ടെത്തുന്നവരും എത്തുന്നുണ്ട്.

എന്നാല്‍ പ്രതീക്ഷാഭവനില്‍ കാര്യമായ സൗകര്യങ്ങളില്ലെന്ന് വിമര്‍ശനമുണ്ട്. രണ്ടുവര്‍ഷം മുന്‍പ് കേന്ദ്രത്തിലെ അന്തേവാസി മറ്റു രണ്ടുപേരുടെ തലയില്‍ ആണിയടിച്ചു കയറ്റി ഗുരുതരമായി പരുക്കേറ്റിരുന്നു. നേരിയ മാനസികാസ്വാസ്ഥ്യമുള്ളവരയും ആക്രമണ സ്വഭാവമുള്ളവരെയും ഒരുമിച്ചു താമസിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തേത്തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം സമഗ്രപുനരധിവാസ കേന്ദ്രമാക്കി മാറ്റുകയോ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടുകയോ വേണമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com