ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍, കേരളത്തില്‍നിന്ന് ഇത്തവണ ഒരാള്‍ പോലുമില്ല

എട്ടു ലക്ഷത്തോളം പേരാണ് ഇക്കുറി പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
ഫോട്ടോ: ആല്‍ബിന്‍ മാത്യു/എക്‌സ്പ്രസ്‌
ഫോട്ടോ: ആല്‍ബിന്‍ മാത്യു/എക്‌സ്പ്രസ്‌

തിരുവനന്തപുരം: ഈ വര്‍ഷം ശബരിമല ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇവരില്‍ ഒരാള്‍ പോലും കേരളത്തില്‍നിന്നില്ലെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ടു ലക്ഷത്തോളം പേരാണ് ഇക്കുറി പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പതിനഞ്ചിനും നാല്‍പ്പത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള 319 വനിതകളാണ് ഉള്ളത്. 

ആന്ധ്രയില്‍നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-160 പേര്‍. തമിഴ്‌നാട്ടില്‍നിന്ന് 139 യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍നിന്ന് ഒന്‍പതു പേരും തെലങ്കാനയില്‍നിന്ന് എട്ടു പേരും ഒഡിഷയില്‍നിന്ന് മൂന്നു പേരും പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍നിന്ന് ഒരു യുവതി പോലും ദര്‍ശനത്തിനായി ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചുള്ള കണക്കുകളാണ് ഇവയെന്നും ഇതില്‍ പിശകുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. രജിസ്‌ട്രേഷന്‍ സമയത്ത് എല്ലാവരും കൃത്യം വയസും മറ്റു വിവരങ്ങളും നല്‍കണമെന്നില്ല. ചിലരെങ്കിലും ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ധാരണയില്ലാതെ രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കാമെന്നും അവര്‍ പറയുന്നു.

യുവതികളെ ഇത്തവണ സന്നിധാനത്തേക്കു കടത്തിവിടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അത് അനുസരിച്ച് പമ്പയില്‍ വച്ച് പൊലീസ് യുവതികളെ മടക്കി അയയ്ക്കുകയാണ്. ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന യുവതികളില്‍ നല്ലൊരു പങ്കും ആചാരത്തെക്കുറിച്ച് അറിയാതെ എത്തുന്നവരാണെന്നും ഇക്കാര്യം ബോധ്യപ്പെടുത്തുമ്പോള്‍ പ്രതിഷേധമൊന്നുമില്ലാതെ മടങ്ങുകയാണ് അവര്‍ ചെയ്യുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com