ഫാത്തിമ ലത്തീഫിന്റെ മരണം : അധ്യാപകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് വിദ്യാര്‍ത്ഥികള്‍

ഐഐടി വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് ചെന്നൈയില്‍ പ്രതിഷേധിക്കും
ഫാത്തിമ ലത്തീഫിന്റെ മരണം : അധ്യാപകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഐഐടി അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതേസമയം ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനഫലം വിശദമായി പരിശോധിച്ച ശേഷം അടുത്ത നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നല്‍കി, ഡല്‍ഹിയില്‍ നിന്ന് ഡയറക്ടര്‍ മടങ്ങിയെത്തിയ ശേഷം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് ഐഐടി അധികൃതര്‍. ഇതിനിടെ, ഐഐടി വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് ചെന്നൈയില്‍ പ്രതിഷേധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com