'എനിക്ക് ഇപ്പോള്‍ കുടുംബമില്ല, എല്ലാവരും എന്നെ വെറുക്കുന്നു'; പൊട്ടിക്കരഞ്ഞ് കനകദുര്‍ഗ്ഗ

ഭര്‍ത്താവും മക്കളും വാടകവീട്ടിലാണ് താമസിക്കുന്നതെന്നും മക്കളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി
'എനിക്ക് ഇപ്പോള്‍ കുടുംബമില്ല, എല്ലാവരും എന്നെ വെറുക്കുന്നു'; പൊട്ടിക്കരഞ്ഞ് കനകദുര്‍ഗ്ഗ

പ്രതിഷേധങ്ങളെ മറികടന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയതു കാരണം തനിക്ക് കുടുംബത്തെ നഷ്ടപ്പെട്ടന്ന് കനകദുര്‍ഗ. കുടുംബവും ബന്ധുക്കളും തന്നെ ഒറ്റപ്പെടുത്തിയെന്നും തനിച്ചാണ് താമസിക്കുന്നത് എന്നുമാണ് കനക ദുര്‍ഗ പറയുന്നത്. ബിബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ അവസ്ഥ കനകദുര്‍ഗ വിവരിച്ചത്. ഭര്‍ത്താവും മക്കളും വാടകവീട്ടിലാണ് താമസിക്കുന്നതെന്നും മക്കളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 

ശബരിമല സംഭവത്തിന് ശേഷം എല്ലാവരും തന്നെ വെറുക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. വീട്ടില്‍ എത്തിയ തന്നെ അമ്മായിഅമ്മ ക്രൂരമായി മര്‍ദിച്ചെന്നും അവര്‍ പറഞ്ഞു. കോടതി ഉത്തരവ് പ്രകാരമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത് അപ്പോഴേക്കും ഭര്‍ത്താവും മക്കളും വാടകവീട്ടിലേക്ക് മാറിയെന്നും കനക ദുര്‍ഗ കൂട്ടിച്ചേര്‍ത്തു. 

'ശനിയും ഞായറും മാത്രമാണ് മക്കളെ കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവ് സ്‌റ്റേ വാങ്ങി. ഇപ്പോള്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. ഞാനിപ്പോള്‍ കുട്ടികളെക്കുറിച്ച് ഓര്‍ക്കാറില്ല. എന്റെ മക്കള്‍ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടില്‍ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവര്‍ക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം.' സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശനം എന്നാണ് കനക ദുര്‍ഗ പറയുന്നത്. 

തനിക്ക് ശേഷവും നൂറുകണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ തന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറുകയായിരുന്നെന്നും കനകദുര്‍ഗ കൂട്ടിച്ചേര്‍ത്തു. ഇക്കുറി ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com