ആന്റിവെനം നല്‍കാന്‍ ഡോക്ടറോട് കേണപേക്ഷിച്ചിട്ടും വിസമ്മതിച്ചു; സ്‌കൂള്‍ അധികൃതര്‍ പാമ്പുകടി സില്ലിയായാണ് കണ്ടത്: ഷഹ്‌ലയുടെ അച്ഛന്‍

താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഷഹ്‌ല ഷെറിന്റെ അച്ഛന്‍
ആന്റിവെനം നല്‍കാന്‍ ഡോക്ടറോട് കേണപേക്ഷിച്ചിട്ടും വിസമ്മതിച്ചു; സ്‌കൂള്‍ അധികൃതര്‍ പാമ്പുകടി സില്ലിയായാണ് കണ്ടത്: ഷഹ്‌ലയുടെ അച്ഛന്‍

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഷഹ്‌ല ഷെറിന്റെ അച്ഛന്‍. കുട്ടിയുടെ നില മോശമായി തുടങ്ങിയ വേളയില്‍ താന്‍ നിര്‍ബന്ധിച്ചിട്ടും ആന്റിവെനം നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വരുന്നതിന് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാമായിരുന്നു. കുട്ടിക്ക് പാമ്പു കടിയേറ്റത് വളരെ സില്ലിയായിട്ടാണ് അവര്‍ കണ്ടതെന്നും അച്ഛന്‍ പറഞ്ഞു.


'മൂന്നര മണി കഴിഞ്ഞപ്പോഴാണ് സ്‌കൂളില്‍ നിന്ന്് ഫോണ്‍ കോള്‍ വന്നത്. പത്തുമിനിറ്റിനകം സ്‌കൂളില്‍ എത്തി. ലീഗല്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സമയത്താണ് വിളിച്ചത്. അവിടെ നിന്ന് പത്തുമിനിറ്റ് കൊണ്ട് എത്താവുന്ന ദൂരമേയുളളൂ സ്‌കൂളിലേക്ക്. സ്‌കൂളില്‍ കുട്ടിയെ കാണുമ്പോള്‍ കാലു കെട്ടിവെച്ച നിലയിലായിരുന്നു. കാലിന് താഴെ പാമ്പ് കടിച്ചതിന്റെ പാടും കണ്ടു. കാലിന് നീലനിറമായിരുന്നു. നീലനിറം കണ്ടപ്പോള്‍ തന്നെ പാമ്പ് കടിച്ചതാണെന്ന് സംശയം തോന്നിയിരുന്നു.'- അച്ഛന്‍ പറയുന്നു.

'3.15നോടനുബന്ധിച്ചാണ് ഇത് സംഭവിച്ചിരിക്കുന്നത്. കുട്ടിയെ തോളത്ത് എടുത്തിട്ട് അസംഷന്‍ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. കാഷ്യാലിറ്റിയില്‍ കുട്ടിയെ കയറ്റി. പാമ്പ് കടിച്ച പാടാണിതെന്നും ഇവിടെ ആന്റി വെനം ഇല്ലെന്നും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. അവിടത്തെ ജൂനിയര്‍ ഡോക്ടറാണ് ഇക്കാര്യം പറഞ്ഞത്. ഓട്ടോയില്‍ തന്നെ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയും കാഷ്യാലിറ്റിയില്‍ തന്നെയാണ് കാണിച്ചത്. അവിടെ ഒരു ജൂനിയര്‍ ഡോക്ടര്‍ ഉണ്ടായിരുന്നു. പാമ്പ് കടിച്ചതിന്റെ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നതായും ഡോക്ടറോട് പറഞ്ഞു.'

'ആന്റിവെനം കൊടുക്കണമെങ്കില്‍ നിരീക്ഷണത്തില്‍ വെയ്ക്കാതെ പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം ഒബ്‌സര്‍വേഷനില്‍ കിടത്തണമെന്ന് പറഞ്ഞു.  അതിനിടെ രക്തം കുത്തിയെടുത്ത് പരിശോധനയ്ക്ക് അയച്ചു. 20 മിനിറ്റ് കഴിഞ്ഞ് റിസല്‍റ്റ് വരുമെന്ന് പറഞ്ഞു. അതിനിടെ കുട്ടി ഛര്‍ദിച്ചു. ഇതോടെ ഇവിടെ നിര്‍ത്തിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ നില വഷളായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആന്റിവെനം കൊടുക്കണമെന്ന് ഞാന്‍ ഡോക്ടറോട് നിര്‍ബന്ധിച്ചു. അത് പറ്റില്ലെന്നും അതിനെല്ലാം കുറെ പ്രോസസ്സുകള്‍ ഉണ്ടെന്നും പറഞ്ഞു.'

'നിങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞ് ആംബുലന്‍സ് വിളിച്ചുതന്നു. മെഡിക്കല്‍ കോളജിലേക്ക് റഫറന്‍സ് എഴുതിത്തന്നു ഞങ്ങളെ പറഞ്ഞയച്ചു.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി കല്‍പ്പറ്റ കഴിഞ്ഞപ്പോള്‍ തന്നെ കുട്ടിയുടെ നില കൂടുതല്‍ വഷളായി.
ആംബുലന്‍സ് ഡ്രൈവര്‍ താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ചു. വൈത്തിരി ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞു. പിന്നീട് അവിടെ പോയി. ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. ചേലോട് ആശുപത്രിയില്‍ വിഷ ചികിത്സയുണ്ട്, അവിടേയ്ക്ക് പോകാന്‍ നിര്‍ദേശിച്ചു. അപ്പോഴേക്കും കുട്ടി ശ്വാസം നിലക്കാറായ അവസ്ഥയിലായിരുന്നു. അവര്‍ ഒരുപാട് ശ്രമിച്ചു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണം സംഭവിച്ചു'

'താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് പാമ്പു കടിയേറ്റത് സീരിയസായി കണ്ടില്ല. അവിടെ വണ്ടിയുണ്ടായിരുന്നു. അവര്‍ക്ക് തന്നെ കാത്തുനില്‍ക്കാതെ, കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമായിരുന്നു. അവര്‍ കാര്യങ്ങള്‍ സില്ലിയായി എടുത്തു' - അച്ഛന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com