എന്റെ ജാതിയാണ് പ്രശ്‌നമെന്ന് അപ്പോഴാണ് മനസ്സിലായത്; അങ്ങനെ രക്ഷപ്പെടേണ്ട എന്ന ചിന്തയായിരുന്നു: സുദര്‍ശന്‍ പത്മനാഭന്‍ നടത്തിച്ചത് മാസങ്ങളോളം, മുന്‍ വിദ്യാര്‍ത്ഥി പറയുന്നു

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന് എതിരെ മുന്‍ വിദ്യാര്‍ത്ഥി.
എന്റെ ജാതിയാണ് പ്രശ്‌നമെന്ന് അപ്പോഴാണ് മനസ്സിലായത്; അങ്ങനെ രക്ഷപ്പെടേണ്ട എന്ന ചിന്തയായിരുന്നു: സുദര്‍ശന്‍ പത്മനാഭന്‍ നടത്തിച്ചത് മാസങ്ങളോളം, മുന്‍ വിദ്യാര്‍ത്ഥി പറയുന്നു

ദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന് എതിരെ മുന്‍ വിദ്യാര്‍ത്ഥി. സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ത്ഥികളോട് സഹിഷ്ണുതയില്ലാതെ പെരുമാറുന്നത് ആദ്യമായല്ല എന്നാണ് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിജിത് തമ്പി പറയുന്നത്. റിട്ടയേര്‍ഡ്  അഡിഷണല്‍ ഡയറക്ടര്‍ ഓഫ് കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡോ. പിഎസ് അജിതയുടെ മകനാണ് അഭിജിത്. സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ അഞ്ചുവര്‍ഷ ബിഎ ഇന്റഗ്രേറ്റഡ് പ്രോഗാം ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സുദര്‍ശന്‍ പത്മനാഭന്‍ ദ്രോഹിച്ചിട്ടുണ്ടെന്ന് അഭിജിത് സമകാലിക മലയാളത്തോട് പറഞ്ഞു. ക്യാമ്പസിനകത്ത് മതപരിപാടികള്‍ പ്രത്യക്ഷമായി നടക്കുന്നുണ്ടെന്നും അഭിജിത് പറഞ്ഞു. 

'ഐഐടി മദ്രാസില്‍ എപ്പോഴും വല്ലാത്ത അന്തരീക്ഷമാണ്. അയ്യര്‍ ആന്റ് അയ്യങ്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് അതിന്റെ വിളിപ്പേര് തന്നെ. ആദ്യകാലത്ത് ഇത് തമാശയായിട്ടാണ് കരുതിയിരുന്നത്. പിന്നീടാണ് ഈ വിളിപ്പേരില്‍ കഴമ്പുണ്ടെന്ന് തോന്നിയത്. പഠിച്ച വിദ്യാലയങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ അവസ്ഥയാണ് ഇവിടെയുള്ളത്'- അഭിജിത് പറയുന്നു. 

'മിക്ക വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ടോപ്പറൊക്കെയായാണ് എത്തുന്നത്. പക്ഷേ ഇവിടെ എത്തിക്കഴിഞ്ഞാല്‍ അധ്യാപകരിടുന്ന മാര്‍ക്ക് കണ്ട് ഞെട്ടും. അതുമുതല്‍ കുട്ടികള്‍ക്ക് മാനസ്സിക ബുദ്ധിമുട്ട് അനുഭവപ്പെടും. ആ ബുദ്ധിമുട്ട് താങ്ങാന്‍ സാധിക്കാതെ ആയിരിക്കണം ഫാത്തിമ ആത്മഹത്യ ചെയ്തത്. എന്തോഭാഗ്യം കൊണ്ട് കുട്ടികള്‍ എങ്ങനെയൊക്കെയോ രക്ഷപ്പെടുകയാണ്. താമരഭരണി ഹോസ്റ്റലിലാണ് ഞാന്‍ താമസിച്ചിരുന്നത്. ചേര്‍ന്ന വര്‍ഷം മുതല്‍ 2015വരെ മൂന്നു ആത്മഹത്യകള്‍ അവിടെ നടന്നിട്ടുണ്ട്. പല ആത്മഹത്യകളും വിദ്യാര്‍ത്ഥികള്‍ പോലും അറിയാതെ അധികൃതര്‍ മറയ്ക്കാറുണ്ട്. സ്റ്റുഡന്റ് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വ്യക്തിയുടെ പ്രശ്‌നം കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നാണ് ഇവര്‍ പറയുന്നത്. വലിയ സ്ട്രഗിള്‍ ചെയ്താണ് അവിടെ പിടിച്ചുനിന്നത്.'- അഭിജിത് പറഞ്ഞു.

'രണ്ടാം സെമസ്റ്ററിലാണ് സുദര്‍ശന്‍ ആദ്യമായി പഠിപ്പിക്കാനെത്തുന്നത്. സ്വയം പുകഴ്ത്ത് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. 2014ല്‍ 9-ാം സെമസ്റ്ററില്‍ ആണ് പ്രശ്‌നമുണ്ടാകുന്നത്. ഡെമോക്രസി എന്ന കോഴ്‌സായിരുന്നു സുദര്‍ശന്‍ പഠിപ്പിക്കാനെത്തിയത്. ആ കോഴ്‌സില്‍ ഒരു പേപ്പര്‍ എനിക്ക് സബ്മിറ്റ് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ പ്രസന്റേഷന്‍ ഒക്കെ അവതരിപ്പിക്കുകയും റിട്ടണ്‍ ടെസ്റ്റ് എഴുതുകയും ചെയ്തു. ഫൈനല്‍ ഗ്രേഡ് വന്നപ്പോള്‍ 'ഐ' ഗ്രേഡാണ് തന്നത്. ഐ ഗ്രേഡ് എന്നാല്‍ ഇന്‍കപ്ലീറ്റ് എന്നാണ്. തോല്‍പ്പിച്ചതുമില്ല, ജയിപ്പിച്ചതുമില്ല. തോല്‍പ്പിച്ചിരുന്നെങ്കില്‍ വേറൊരു കോഴ്‌സ് ചെയ്ത് നമുക്ക് ജയിക്കാമായിരുന്നു. മറ്റ് പരീക്ഷകളിലെല്ലാം നല്ല മാര്‍ക്കുണ്ടായിരുന്നു, പ്രസന്റേഷന്‍ എല്ലാം നല്ലതുപോലെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് എന്നെ തോല്‍പ്പിച്ചാല്‍ കുഴപ്പില്ല എന്നാണ്. പക്ഷേ അത് ചെയ്തില്ല. എപ്പോഴൊക്കെ കാണാന്‍ ശ്രമിക്കുന്നോ അപ്പോഴൊക്കെ അദ്ദേഹം മാറിപൊയ്‌ക്കൊണ്ടേയിരുന്നു. നാല് മണിക്ക് ചെല്ലുമ്പോള്‍ അഞ്ച്  മണിക്ക് ഓഫീസിലെത്താന്‍ പറയും. അവിടെ ചെല്ലുമ്പേള്‍ അദ്ദേഹം അവിടെ കാണില്ല. എത്ര സംസാരിക്കാന്‍ ശ്രമിച്ചിട്ടും എന്നെ അദ്ദേഹം ശ്രദ്ധിച്ചതേയില്ല. ഈ സമയത്തിനിടെ സെമസ്റ്റര്‍ കഴിഞ്ഞു. മറ്റ് വിദ്യാര്‍ത്ഥികളെല്ലാം പാസ്ഔട്ടായി. എനിക്ക് ക്യാമ്പസില്‍ കഴിയേണ്ടിവന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ കൂടെ ഹോസ്റ്റല്‍ റൂമില്‍ കഴിഞ്ഞു. എപ്പോഴും സാറിന്റെ പുറകേ പോകും, എല്ലാ ദിവസവും പിന്നെക്കാണാം എന്നു പറഞ്ഞ് ഒഴിവാക്കും. 

പിന്നെയാണ് അദ്ദേഹത്തിന്റെ സ്വഭാവം ഇങ്ങനെയാണ് എന്ന് അറിഞ്ഞത്. സ്വന്തം സ്ഥാനത്തിലും മറ്റും അമിതമായി അഹങ്കരിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് പല അധ്യാപകരും പറഞ്ഞു. ജാതീയ ചിന്തയുള്ള മനുഷ്യനാണെന്നും ദലിത് വിഭാഗത്തില്‍ നിന്ന് വന്ന അധ്യാപകനുമായി സുദര്‍ശന് പ്രശ്‌നമുണ്ടായിരുന്നുവെന്നും ഒരു പ്രൊഫസര്‍ പറഞ്ഞു. എന്റെ ജാതിയാണ് പ്രശ്‌നമെന്ന് അപ്പോഴാണ് മനസ്സിലായത്. അങ്ങനെയൊന്നും രക്ഷപ്പെടേണ്ട എന്ന ഉദ്ദേശത്തിലാണ് ഐ ഗ്രേഡ് തന്നത്'- അഭിജിത് പറഞ്ഞു. 

'ജാതി  ചിന്ത വെച്ചുതന്നെയാണ് ഉപദ്രവിക്കുന്നത് എന്ന് കേരളത്തിലെ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് ചെന്ന എനിക്ക് ആദ്യം മനസ്സിലായില്ല. പക്ഷേ പിന്നീട് എനിക്കത് ബോധ്യപ്പെട്ടു. പിന്നീട് വിഷയത്തില്‍ അമ്മ ഇടപെട്ട് ഐഐടി അധികൃതരുമായി ബന്ധപ്പെട്ട ശേഷം എനിക്ക് ഐ ഗ്രേഡ് മാറ്റി ഇ ഗ്രേഡ് തന്ന് സര്‍ട്ടിഫിക്കേറ്റ് അയച്ചു തരികയായിരുന്നു. അപ്പോഴെക്കും ഞാന്‍ മാനസ്സികമായി അകെ തകര്‍ന്നിരുന്നു. ഏറെനാള്‍ അമ്മയോടൊപ്പം ചിലവഴിച്ചാണ് അവസ്ഥ മാറ്റിയെടുത്തത്.'- അഭിജിത് കൂട്ടിച്ചേര്‍ത്തു.  

'ക്യാമ്പസിനകത്ത് മത പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ നടത്താറുണ്ട്. സംഘപരിവാര്‍ അനുകൂല പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. സന്യാസിമാരെ കൊണ്ടുവന്ന് പ്രാര്‍ത്ഥനയൊക്കെയാണ്. 2014ല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് പ്രത്യക്ഷത്തില്‍ ഈ മാറ്റം കണ്ടുതുടങ്ങിയത്. സന്യാസിമാര്‍ വരുന്ന ദിവസം വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഔദ്യോഗികമായാണ് ക്ഷണിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രോത്സാഹനം കൊടുക്കാത്ത ഐഐടിയില്‍ ഒരു മറയുമില്ലാതെയാണ് മത പരിപാടികള്‍ നടക്കുന്നത്.'- അഭിജിത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com