'ദു:ഖകരമായ പാഠം'; കുറ്റകരമായ അനാസ്ഥയുണ്ടായി; കര്‍ശന നടപടിയുണ്ടാകുമെന്ന് സി രവീന്ദ്രനാഥ്

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഈ സ്‌കൂളിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നതാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടിയെടുക്കുമെന്നും ശനിയാഴ്ച കുട്ടിയുടെ വീട് സന്ദര്‍ശിക്കമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ വികസനത്തിനായി ഒരു കോടി രൂപ നല്‍കിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യസഹായം ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയതായി വ്യക്തമായിട്ടുണ്ട്. ഇതില്‍ ശക്തമായ നടപടിയുണ്ടാകും. ക്ലാസ് മുറിക്കുള്ളില്‍ ചെരിപ്പിടാന്‍ പാടില്ലെന്ന നിര്‍ദേശം വിദ്യാഭ്യാസവകുപ്പ് നല്‍കിയിട്ടില്ല. ഈ സ്‌കൂളില്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പരിശോധിക്കും. ഇത്തരം നടപടികള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുമെന്നും  മന്ത്രി വ്യക്തമാക്കി.

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഈ സ്‌കൂളിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നതാണ്. നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനാണ് ഈ തുക നല്‍കിയിരുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇവിടെ പുതിയ കെട്ടിടത്തിന്റെ പണി വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്ലാസ് മുറികളിലെ കുഴികള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ അതിനുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിഡിഇയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിപ്പിച്ച അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ള അധ്യാപകരുടെ പങ്ക് പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും. എല്ലാ ജില്ലകളിലും പിടിഎ പ്രസിഡന്റുമാരുടെയും ഹെഡ്മാസ്റ്റര്‍ മാരുടെയും യോഗം നടത്തിവരികയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം അവര്‍ക്ക് നല്‍കും.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വലിയ വേദനയുണ്ട്. മരിച്ച കുട്ടിയുടെ വീട്ടില്‍ ശനിയാഴ്ച രാവിലെ നേരിട്ട് എത്തി മാതാപിതാക്കളെയും കാണുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com