മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി; കേരളവും തമിഴ്‌നാടും ധാരണയിലെത്തിയാല്‍ മാത്രം പുതിയ അണക്കെട്ട്

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി; കേരളവും തമിഴ്‌നാടും ധാരണയിലെത്തിയാല്‍ മാത്രം പുതിയ അണക്കെട്ട്

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്. എന്നാല്‍ ഡാം നിര്‍മ്മിക്കുന്നതിന് കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ യോജിപ്പിലെത്തിയാല്‍ കേന്ദ്രം എതിര്‍ക്കില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. 

ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ കേന്ദ്ര ജല കമ്മീഷന്റെ മൂന്നംഗ സമിതി ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ക്കൊപ്പം ഡാം സന്ദര്‍ശിച്ചിരുന്നു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവര്‍ വിലയിരുത്തിയെന്നും മന്ത്രി സഭയില്‍ അറിയിച്ചു. 

പുതിയ ഡാമുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ പതിമൂന്ന് വിശദ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അട്ടപ്പാടി ഡാം പദ്ധതിയുള്‍പ്പെടെ ഉള്ളതാണ് ഇവ. 

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇത് പറഞ്ഞത്. വിഷയത്തില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മുല്ലപ്പെരിയാര്‍ അണക്കെട്ട്, പമ്പ, അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജനം എന്നിവയെച്ചൊല്ലിയാണ് എംപിമാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com