വിദ്യാഭ്യാസമന്ത്രി ഷെഹലയുടെ വീട്ടിലെത്തി ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഉറപ്പ് ; കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും എംഎസ്എഫും

കേരളത്തിലെ ഒരു സ്‌കൂളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും
വിദ്യാഭ്യാസമന്ത്രി ഷെഹലയുടെ വീട്ടിലെത്തി ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഉറപ്പ് ; കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും എംഎസ്എഫും

ബത്തേരി : ക്ലാസ് റൂമില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്റെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എത്തി. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനൊപ്പമാണ് വിദ്യാഭ്യാസമന്ത്രി ഷഹലയുടെ വീട്ടിലെത്തി. രാവിലെ വീട്ടിലെത്തിയ മന്ത്രിമാര്‍ ഷഹലയുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചു. അനാസ്ഥയാണ് കുട്ടി നഷ്ടമാകാന്‍ കാരണമെന്നും, മേലില്‍ ഒരു കുട്ടിക്കും ഈ ഗതി ഉണ്ടാകരുതെന്ന് ഷഹലയുടെ മാതാപിതാക്കളും ബന്ധുക്കളും മന്ത്രിമാരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും, വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി ബന്ധുക്കളോട് പറഞ്ഞു.

തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസമന്ത്രി, കുട്ടിയുടെ ദാരുണ മരണത്തില്‍ എല്ലാവരുടെയും ദുഃഖത്തില്‍ വിദ്യാഭ്യാസവകുപ്പും പങ്കുചേരുകയാണെന്ന്  പറഞ്ഞു. സംഭവത്തില്‍ ആരെല്ലാം കുറ്റവാളികളാണോ അവരെയെല്ലാം ശിക്ഷിക്കും. ഒരു ദാക്ഷിണ്യവും കൂടാതെ കര്‍ശന നടപടി എടുക്കും. കേരളത്തിലെ ഒരു സ്‌കൂളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഷഹലയുടെ കുടുംബത്തിന് നല്‍കേണ്ട ധനസഹായം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. ഷഹല പഠിച്ച ബത്തേരിയിലെ സാര്‍വജന സ്‌കൂളിന് പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ കിഫ്ബി വഴി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളിന്റെ നവീകരണത്തിനായി രണ്ടുകോടി രൂപ കൂടി വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഡിഡിഇയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തും. കെട്ടിടത്തിലെ ശോച്യാവസ്ഥകള്‍, ടോയ് ലറ്റ് ഏസൗകര്യം ഏതെങ്കിലും തരത്തിലുള്ള കുറവുകളുണ്ടെങ്കില്‍ അവയെല്ലാം നികത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും. വയനാടില്‍ ഇത്തരം പ്രശ്‌നങ്ങളില്ല എന്നുറപ്പാക്കാനുള്ള പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

രാവിലെ ഷെഹലയുടെ വീട്ടിലേക്ക് പോയ മന്ത്രിമാര്‍ക്ക് നേര്‍ക്ക് കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ബത്തേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കല്‍പ്പറ്റയില്‍ എംഎസ്എഫ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. ഷെഹലയുടെ വീട്ടിലെ സന്ദര്‍ശനം നടത്തിയ ശേഷം വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ്, ഷെഹല പഠിച്ച ബത്തേരിയിലെ ഗവര്‍മെന്റ് സര്‍വജന സ്‌കൂളിലെത്തും. വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവരുടെയും പരാതി മന്ത്രി കേള്‍ക്കും. മന്ത്രിമാര്‍ക്ക് പുറമെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷെഹലയുടെ വീട്ടില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com