ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ സ്വദേശി സുജിത്ത് (25), പിതാവ് സുഗതന് (67), ബന്ധുവായ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സുജിത്തിനെ പെണ്‍കുട്ടിയുമായി പോകാന്‍ സഹായിച്ചതാണ് സുഗതനും, ഷിജുവിനുമെതിരായ കുറ്റം.
കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. അന്വേഷണത്തില്‍ സുജിത്തിനെയും പെണ്‍കുട്ടിയെയും കൊല്ലം ഓയൂരില്‍ ഉള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. സുഗതനെയും ഇവിടെ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്. ഷിജുവിനെ കായംകുളത്തു നിന്നും പിടികൂടി.
ചോദ്യം ചെയ്യലില്‍ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പീഡനം നടന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. പുല്ലുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനു വന്നപ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ