ജോളി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു; ജയിലില്‍ പ്രത്യേക നിരീക്ഷണം; ടോം തോമസിന്റെ വീട്ടില്‍ നിന്നും ഷാജു സാധനങ്ങള്‍ മാറ്റിയതായും വെളിപ്പെടുത്തല്‍

ജോളിക്ക് ജയിലില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. മൂന്ന് വനിതാ വാര്‍ഡന്മാരെയാണ് ജോളിയെ നിരീക്ഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്
ജോളി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു; ജയിലില്‍ പ്രത്യേക നിരീക്ഷണം; ടോം തോമസിന്റെ വീട്ടില്‍ നിന്നും ഷാജു സാധനങ്ങള്‍ മാറ്റിയതായും വെളിപ്പെടുത്തല്‍

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ റിമാന്‍ഡിലുള്ള ജോളി ജയിലില്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാത്രി ജയിലില്‍ എത്തിച്ചതു മുതല്‍ ജോളി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് ജോളിക്ക് ജയിലില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. മൂന്ന് വനിതാ വാര്‍ഡന്മാരെയാണ് ജോളിയെ നിരീക്ഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ജോളി നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നതു കൂടി കണക്കിലെടുത്താണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്. 

അതേസമയം ദുരൂഹമരണങ്ങളില്‍ ലോക്കല്‍ പൊലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ലോക്കല്‍ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണമുണ്ടായില്ല. ശരിയായ അന്വേഷണം നടന്നിരുന്നെങ്കില്‍ ഇത്രയും മരണം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ വാദങ്ങളിലും സംശയമുണ്ട്. സ്വന്തം ഭാര്യയും കുഞ്ഞും ദുരൂഹമായി കുഴഞ്ഞ് വീണ് മരിച്ചിട്ടും പോസ്റ്റ് മോര്‍ട്ടം പോലും നടത്താന്‍ തയ്യാറായില്ല. മരണങ്ങളില്‍ സാധാരണക്കാര്‍ക്കുപോലുമുണ്ടാകുന്ന സംശയങ്ങള്‍ ഷാജുവിന് ഉണ്ടായില്ല എന്നത് ആശ്ചര്യമാണെന്നും സമീപവാസികള്‍ പറയുന്നു.

അതിനിടെ കൊലപാതകപരമ്പര നടന്ന പൊന്നാമറ്റം വീട്ടില്‍ നിന്ന് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സാധനങ്ങള്‍ മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷയില്‍ ചാക്കുകെട്ട് കൊണ്ടുപോയത്. ചാക്കില്‍ പുസ്തകങ്ങളാണെന്നാണ് ഷാജു പറഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കി. സാധനങ്ങള്‍ കൊണ്ടുപോകാന്‍ വലിയ വണ്ടി വേണമെന്നും ഏത് വീടാണെന്ന് ചോദിച്ചപ്പോള്‍ പ്രശ്‌നമുള്ള വീടാണന്നും ഷാജു പറഞ്ഞതായി ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തിയതായി മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷാജു പൊന്നാമറ്റം വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയ കാര്യം നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com