കേരള ബാങ്കിന് ആര്‍ബിഐയുടെ അനുമതി: സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

റിസര്‍വ് ബാങ്ക് ചില നിബന്ധനയോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ബാങ്കിന് ആര്‍ബിഐയുടെ അനുമതി: സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരകണ ബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് സ്വന്തം ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് ചില നിബന്ധനയോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരളബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍  കേരളബാങ്ക് രൂപീകരണം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നവംബര്‍ ഒന്നിന് കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് രൂപവത്കരിക്കുന്ന കേരളാ ബാങ്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നായിരുന്നു. സര്‍ക്കാര്‍ രൂപവത്കരണത്തിനു പിന്നാലെ തന്നെ ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ചില ജില്ലാ സഹകരണ ബാങ്കുകളുടെ എതിര്‍പ്പു മൂലം വൈകുകയായിരുന്നു. 

കേരളാ ബാങ്കിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം റിസര്‍വ് ബാങ്കിനെ സമീപിക്കുകയും ചെയ്തിരുന്നു. കൂടാതെ ബാങ്ക് ലയനത്തിനെതിരെ  പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com