പൂതന പരാമർശം; ജി സുധാകരന്  ക്ലീൻചിറ്റ്; ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല; പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ

കലക്ടറുടെയും എസ്പിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി
പൂതന പരാമർശം; ജി സുധാകരന്  ക്ലീൻചിറ്റ്; ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല; പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരായ പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ്.  ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമർശം. അതിൽ തെരഞ്ഞടുപ്പ് ചട്ടലംഘനമില്ലെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു.

മന്ത്രിയുടെ പരാമർശത്തില്‍ ദുരുദ്ദേശ്യമൊന്നും കണ്ടെത്താനായില്ല. കലക്ടറുടെയും എസ്പിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. ജി സുധാകരന്റെ വിശദീകരണവും പ്രസം​ഗത്തിന്റെ വീഡിയോയും തെരഞ്ഞടുപ്പ് കമ്മീഷൻ പരിശോധിച്ചിരുന്നു

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍റെ പരാമർശം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് മന്ത്രിക്കെതിരെ ഷാനിമോൾ ഉസ്മാൻ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു

അതേസമയം തനിക്കെതിരായ ആരോപണത്തിൽ മന്ത്രി ജി സുധാകരനും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. യുഡിഎഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ചാണ് ജി സുധാകരൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും സുധാകരൻ വ്യക്തമാക്കി. പ്രസംഗം വിവാദമായതോടെ, ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ വിശദീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com