ചെങ്കൊടിക്ക് പകരം മഞ്ഞയിലും പച്ചയിലും അരിവാള്‍ ചുറ്റിക പതിച്ച കൊടികള്‍ ; ഇതോ 'നവോത്ഥാന'മെന്ന് കോണ്‍ഗ്രസും ബിജെപിയും

ഇടതു യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത പച്ച നിറത്തിലുള്ള കൊടിയുമുണ്ട്
ചെങ്കൊടിക്ക് പകരം മഞ്ഞയിലും പച്ചയിലും അരിവാള്‍ ചുറ്റിക പതിച്ച കൊടികള്‍ ; ഇതോ 'നവോത്ഥാന'മെന്ന് കോണ്‍ഗ്രസും ബിജെപിയും

ആലപ്പുഴ : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരില്‍ ഇടതു യുവജന സംഘടനകള്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ 'മഞ്ഞക്കൊടി' വിവാദം. ചെങ്കൊടിക്ക് പകരം മഞ്ഞ തുണിയില്‍  അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചതാണ് ആക്ഷേപത്തിന് കാരണമായത്. ഏത് മാര്‍ഗത്തിലൂടെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാന്‍ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. 

ഡിവൈഎഫ്‌ഐ നേതാവ് എസ് കെ സജീഷ് നയിച്ച പടിഞ്ഞാറന്‍ മേഖല ജാഥയിലാണ് മഞ്ഞയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്. ഇടതു യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത പച്ച നിറത്തിലുള്ള കൊടിയുമുണ്ട്. കിഴക്കന്‍ മേഖല ജാഥയില്‍ സികെ ആശ എംഎല്‍എയാകട്ടെ വെള്ളക്കൊടിയാണ് പിടിച്ചത്.

അരിവാല്‍ ചുറ്റിക നക്ഷത്രം മഞ്ഞപ്പതാകയിലും പച്ചപ്പതാകയിലും നീലപ്പതാകയിലും അച്ചടിച്ചുവെച്ച് എന്ത് വികാരമാണ് ആളിക്കത്തിക്കാന്‍ നോക്കുന്നതെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ ചോദിച്ചു. ഇതാണോ നവോത്ഥാനമെന്നും അദ്ദേഹം പരിഹസിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ നേതൃത്വം അനുസരിക്കാത്തത്തിലുള്ള  അണികളുടെ പ്രതിഷേധമാണ് ഇതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 

തെരഞ്ഞെടുപ്പിന്‍രെ ചിഹ്നമായ അരിവാല്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള വ്യത്യസ്തമായ കൊടികല്‍ പിടിച്ച് റാലി നടത്തി എന്നതുമാത്രമാണ് അരൂരില്‍ നടന്നത്. അല്ലാതെ ഒരു മതത്തെയും പ്രീണിപ്പിക്കുന്നതിന് വേണ്ടിയല്ല ബഹുവര്‍ണ കൊടി പിടിച്ചതെന്ന് സിപിഎം നേതാവ് പിപി ചിത്തരഞ്ജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com