കുട്ടികളുടെ അശ്ലീല വീഡിയോ; മൂന്ന് വമ്പന്‍ ഗ്രൂപ്പുകള്‍ പൂട്ടി അംഗങ്ങള്‍ മുങ്ങി; വല വിരിച്ച് പൊലീസ്

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച മൂന്ന് വമ്പന്‍ ഗ്രൂപ്പുകള്‍ പൂട്ടി അംഗങ്ങള്‍ അപ്രത്യക്ഷരായി
കുട്ടികളുടെ അശ്ലീല വീഡിയോ; മൂന്ന് വമ്പന്‍ ഗ്രൂപ്പുകള്‍ പൂട്ടി അംഗങ്ങള്‍ മുങ്ങി; വല വിരിച്ച് പൊലീസ്

തിരുവനന്തപുരം: നിയമം കര്‍ശനമായി നടപ്പാക്കാന്‍ പൊലീസ് രംഗത്തിറങ്ങിയതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച മൂന്ന് വമ്പന്‍ ഗ്രൂപ്പുകള്‍ പൂട്ടി അംഗങ്ങള്‍ അപ്രത്യക്ഷരായി. കേരള പൊലീസ് സൈബര്‍ ഡോം, ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലും നിരീക്ഷണവും അറസ്റ്റുമൊക്കെയാണ് പലരെയും പിന്‍മാറാന്‍ പ്രേരിപ്പിച്ചത്. ഇതില്‍ ഒരു ഗ്രൂപ്പിന്റെ അഡ്മിന്‍ പാകിസ്ഥാൻ സ്വദേശിയും ചില മലയാളികളുമാണ്. മറ്റു രണ്ട് ഗ്രൂപ്പുകളിലും മലയാളികള്‍ ഉള്‍പ്പെട്ടതായി സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നതു കുറ്റമാണ്. പൊലീസ് നിരീക്ഷണം ശക്തമെന്നു മനസിലായതോടെയാണു പലരും സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ ഉപേക്ഷിച്ചത്. ഈ പ്രവൃത്തി തുടരുന്നവര്‍ വരും ദിവസങ്ങളില്‍ കുടുങ്ങും. വിവര സാങ്കേതിക വിദ്യ നന്നായി അറിയാവുന്നവരാണു വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് ഇതില്‍ സജീവമാകുന്നതും അംഗങ്ങളെ ചേര്‍ക്കുന്നതും.

ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സൈബര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കണ്ട 12 പേരെ വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍പോള്‍ സഹായത്തോടെ 126 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇവരില്‍ പലരും കേരളത്തിനു പുറത്താണ്. മറ്റു സംസ്ഥാനങ്ങളിലെ 45 പേരെയും തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാന്‍ സംസ്ഥാന പൊലീസ് മേധാവികള്‍ക്കു വിവരം കൈമാറി.

ഗള്‍ഫ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ള ചില മലയാളികള്‍ നാട്ടിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണു വാട്‌സാപ് പോലുള്ള ഗ്രൂപ്പുകളില്‍ ഇതെല്ലാം പങ്കിടുന്നത്. അറസ്റ്റു ചെയ്യുന്നവര്‍ക്കെതിരെ പോക്‌സോ, ഐടി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com