അഞ്ച് മണ്ഡലങ്ങളില്‍ വിധിയെഴുത്ത് ആരംഭിച്ചു; പ്രതിസന്ധിയായി മഴ, വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
അഞ്ച് മണ്ഡലങ്ങളില്‍ വിധിയെഴുത്ത് ആരംഭിച്ചു; പ്രതിസന്ധിയായി മഴ, വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഞ്ചേശ്വരം ഒഴികെ എല്ലാ മണ്ഡലങ്ങളിലും കനത്ത മഴയാണ്. ഇത് പോളിങിനെ ബാധിക്കുമോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളത്ത് മൂന്നു ബൂത്തുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവ മാറ്റി സ്ഥാപിച്ചു. 64,65,68ബൂത്തുകളിലാണ് വെള്ളം കയറിയത്. വിവി പാറ്റ് യന്ത്രത്തിലെ തകരാര്‍ കാരണം അരൂരില്‍ വോട്ടെടുപ്പ് വൈകുന്നു. പല ബൂത്തുകളിലും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്.

അതേസമയം, സ്ഥാനാര്‍ത്ഥികള്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്താനെത്തി. എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാലും വോട്ട് രേഖപ്പെടുത്തി.മഴ ഇടതുപക്ഷത്തിന്റെ വോട്ടുകളെ ബാധിക്കില്ലെന്ന് മനു റോയ് പറഞ്ഞു.
മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയും വോട്ട് രേഖപ്പെടുത്തി. നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ 896 പോളിങ് സ്‌റ്റേഷനുകളിലായി 9,57,509 പേര്‍ക്കാണ് വോട്ടവകാശം. 4,91,455 വനിതകളും 4,66,047 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പടെയാണിത്. 35 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. വിദ്യാര്‍ഥികളായ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വോട്ടെടുപ്പ് സുരക്ഷയ്ക്കായി 10 കമ്പനി കേന്ദ്രസേനയെ കൂടാതെ സംസ്ഥാന പൊലീസില്‍നിന്ന് 3696 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സിഐഎസ്എഫിന്റെ ആറ്് പ്ലാറ്റൂണിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ സെല്ലും സജ്ജമാണ്.

കേരളത്തിലെ അഞ്ചെണ്ണമുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഇതില്‍ 20 എണ്ണം ബിജെപിയുടെയും 12 എണ്ണം കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്. മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്കും ഹരിയാനയില്‍ 90 മണ്ഡലങ്ങളിലേക്കുമാണ് ജനവിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com