അട്ടപ്പാടിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; പരുക്കേറ്റ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

ഇന്നലെ പരുക്കേറ്റ മണിവാസകമാണ് മരിച്ചത്. കുപ്പുദേവരാജ് മരിച്ച ശേഷം കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു
അട്ടപ്പാടിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; പരുക്കേറ്റ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് നേതാവ് കൂടി കൊല്ലപ്പെട്ടു . ഇന്നലെ പരുക്കേറ്റ മണിവാസകമാണ് മരിച്ചത്. മഞ്ചക്കണ്ടി വനമേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കുപ്പുദേവരാജ് മരിച്ച ശേഷം കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മണിവാസകമായിരുന്നു. തിരച്ചിലിനായി കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ നിയോഗിച്ചു. ഇന്നലെ കൊല്ലപ്പെട്ട മൂന്നൂപേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാനായില്ല.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സുപ്രീംകോടതി മാര്‍ഗരേഖയനുസരിച്ചുള്ള അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. െ്രെകംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവുമാണ് ഇത്തരം കേസുകളില്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഏറ്റുമുട്ടലിന്റെ പൂര്‍ണവിവരങ്ങള്‍ റിപ്പോര്‍ട്ടായി ലഭിച്ചശേഷം പ്രതികരിക്കാമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു

മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നത് പ്രതിഷേധാര്‍ഹമാണ്. വ്യാജ ഏറ്റുമുട്ടലുകളിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. ഈ സര്‍ക്കാരിന് മനുഷ്യത്വമില്ല. ആറ് മാവോയിസ്റ്റുകളാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളെ ഭരണകൂടം നേരിടുന്ന രീതിയുടെ കാര്യത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു!. അട്ടപ്പാടിയില്‍ കാടിനുള്ളില്‍ നടന്ന സംഭവത്തെപ്പറ്റി കൃത്യമായ വിവരം ആര്‍ക്കും ലഭിച്ചിട്ടില്ല. വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും  കാനം രാജേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com