'ടോക്കണ്‍ വെച്ച് ദുരിതബാധിതരെ ക്യൂ നിര്‍ത്തി,സ്റ്റിക്കര്‍ ഒട്ടിച്ച കിറ്റ് വിതരണം ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ വീഡിയോ' പുറത്ത് വിട്ട് അന്‍വര്‍; വെല്ലുവിളി

ഡിഎംകെ എത്തിച്ച് നല്‍കിയ സഹായം,തിരുവനന്തപുരം നഗരസഭ നിലമ്പൂര്‍ നഗരസഭയില്‍ എത്തിച്ച് നല്‍കിയ സഹായം തുടങ്ങിയവയെല്ലാം സ്റ്റിക്കര്‍ പതിപ്പിച്ച കിറ്റുകളിലാക്കിയത് ഞങ്ങളല്ല
'ടോക്കണ്‍ വെച്ച് ദുരിതബാധിതരെ ക്യൂ നിര്‍ത്തി,സ്റ്റിക്കര്‍ ഒട്ടിച്ച കിറ്റ് വിതരണം ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ വീഡിയോ' പുറത്ത് വിട്ട് അന്‍വര്‍; വെല്ലുവിളി

കൊച്ചി: വയനാട് എം.പി രാഹുല്‍ ഗാന്ധി കാണാന്‍ സമയം അനുവദിച്ചില്ലെന്ന നിലമ്പൂര്‍ എം.എല്‍.എയുടെ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പിവി അന്‍വറും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. തന്നോട് എംപിയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കണം എന്ന് അറിയിച്ച ഇമെയിലോ,കോള്‍ റെക്കോര്‍ഡിംഗോ ആരോപണം ഉന്നയിച്ചവര്‍ പുറത്ത് വിടണം.വെറുതേ പറഞ്ഞ് പോയാല്‍ പോരാ.അത് തെളിയിക്കണമെന്നും അന്‍വര്‍ പറയുന്നു.

ഇതിന് പിന്നാലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവരെ ക്യൂവില്‍ നിര്‍ത്തി ഭക്ഷണസാധനം വിതരണം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോയും അന്‍വര്‍ പുറത്തുവിട്ടു. നാടിന്റെ നാനാഭാഗത്ത് നിന്നും നിലമ്പൂരിലെ ജനങ്ങളുടെ ക്ഷേമത്തിനായി എത്തിച്ച് നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ സ്‌റ്റോക്ക് ചെയ്ത്,കിറ്റുകളാക്കി,അതില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നിങ്ങളുടേതാക്കി മാറ്റി വിതരണം ചെയ്ത് രാഷ്ട്രീയം കളിച്ചത് നിങ്ങളാണ്.ഇത്രയും കഷ്ടപ്പെടുന്ന ജനതയെ ടോക്കണ്‍ കൊടുത്ത് വീട്ടില്‍ എത്തിച്ച്,അടിയാളന്മാര്‍ക്ക് കൂലിയായി അരി അളന്ന് നല്‍കുന്ന രംഗം പുനരാവിഷ്‌ക്കരിച്ച് രാഷ്ട്രീയം കളിച്ചതും ആരാണെന്ന് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ഇന്ന് നന്നായി അറിയാം.ഡി.എം.കെ എത്തിച്ച് നല്‍കിയ സഹായം,തിരുവനന്തപുരം നഗരസഭ നിലമ്പൂര്‍ നഗരസഭയില്‍ എത്തിച്ച് നല്‍കിയ സഹായം തുടങ്ങിയവയെല്ലാം സ്റ്റിക്കര്‍ പതിപ്പിച്ച കിറ്റുകളിലാക്കിയത് ഞങ്ങളല്ല.എം.എല്‍.എ ഓഫീസ് കേന്ദ്രീകരിച്ച് കളക്ഷന്‍ സെന്റര്‍ ആരംഭിച്ച്,സഹായങ്ങള്‍ താഴെ തട്ടുകളില്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയവും കണ്ടിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.


പിവി അന്‍വറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

നാടകം നടത്തുന്നത് നാടകത്തിലും സംവിധാനത്തിലും മുന്‍പരിചയം ഉള്ളവരാണ്;ഞാനല്ല

'പി.വി.അന്‍വര്‍ 10 മിനിറ്റ് കാത്ത് നിന്ന ശേഷം മടങ്ങി..
മുക്കത്തെ ഓഫീസ് ഉദ്ഘാടനം അറിയിച്ചിട്ടും പങ്കെടുത്തില്ല.പങ്കെടുക്കില്ല എന്ന് അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല..
രാവിലെ എം.പി മറ്റൊരു മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു..
കളക്ട്രേറ്റില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പങ്കെടുത്തില്ല..'

കഴിഞ്ഞ ദിവസം വയനാട് എം.പിയെ കാണാനായില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ചിലര്‍ ഉയര്‍ത്തുന്ന ബാലിശമായ വാദഗതിയിലെ ചില ഭാഗങ്ങളാണിത്.
മുന്‍കൂട്ടി സമയം തന്നത് പ്രകാരം,7:45ന് തന്നെ മമ്പാട് ടാനയില്‍ എത്തിയിരുന്നു.എട്ടേമുക്കാലോടെ കൂടിയാണ് അവിടെ നിന്ന് മടങ്ങിയത്.ഈ വിഷയത്തില്‍ മുന്‍പ് പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു.കെ.സുധാകരന്‍ മുതല്‍ താഴോട്ടുള്ള എല്ലാ നേതാക്കളും അവിടെ ഉണ്ടായിരുന്നു.അതില്‍ നിലമ്പൂരിലെ ചില പ്രാദേശിക നേതാക്കളും ഉള്‍പ്പെടും.മുകളില്‍ പറഞ്ഞിരിക്കുന്ന നേതാക്കളെ പങ്കെടുപ്പിക്കാതെ എന്ത് യോഗമാണവിടെ നടന്നതെന്ന് അറിയില്ല.

മുക്കത്തെ ഓഫീസ് ഉദ്ഘാടനം അറിയിച്ചിരുന്നു എന്ന് ചില നേതാക്കള്‍ പറഞ്ഞ് കണ്ടു.ബഹു:ഡി.സി.സി പ്രസിഡന്റിന്റെ പോസ്റ്റ് കണ്ടപ്പോള്‍ മാത്രമാണ് ഞാന്‍ ഇത് അറിയുന്നത്.അറിയിച്ചിട്ടില്ലാത്ത ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് അറിയിക്കാനുള്ള സമയവും മര്യാദയും തല്‍ക്കാലം ഇപ്പോള്‍ ഇല്ല.ഈ വിഷയം സംബന്ധിച്ച്,ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കണംഎന്ന് എന്നെ അറിയിച്ച ഇമെയിലോ,കോള്‍ റെക്കോര്‍ഡിംഗോ ആരോപണം ഉന്നയിച്ചവര്‍ പുറത്ത് വിടണം.വെറുതേ പറഞ്ഞ് പോയാല്‍ പോരാ.അത് തെളിയിക്കണം.

ആഗസ്റ്റ് 8 മുതല്‍ ഒരാഴ്ച്ച കാലം ഏറ്റവും ഗുരുതരമായ സാഹചര്യത്തില്‍ കൂടിയാണ് നിലമ്പൂര്‍ കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്.പ്രളയം രൂക്ഷമായ നിമിഷം മുതല്‍ കേരളത്തിന്റെ ബഹു.മുഖ്യമന്ത്രി എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.അദ്ദേഹത്തിന്റെ ഓഫീസ്,നിരന്തരം നിലമ്പൂരില്‍ ഇടപെട്ടിരുന്നു.കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല നിലമ്പൂരില്‍.ഇക്കാര്യം ബഹു.മന്ത്രി ശ്രീ.കെ.ടി ജലീലിനെ അറിയിച്ചിരുന്നു.അദ്ദേഹം എല്ലാ പിന്തുണകളും നല്‍കുകയും ചെയ്തിട്ടുണ്ട്.നിലമ്പൂരിലെ ജനങ്ങള്‍ ദുരിതകയത്തില്‍ ആയിരുന്നപ്പോള്‍,മുഴുവന്‍ സമയവും അവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു.ആ സമയത്ത് ജനങ്ങള്‍ക്കൊപ്പം നിന്നു..മറ്റ് ചിലരേ പോലെ വൈകിട്ടത്തെ വീഡിയോയ്ക്കായി പൗഡറും പുട്ടിയുമിട്ട് ബ്യൂട്ടിപാര്‍ലറില്‍ സമയം ചിലവഴിച്ചിട്ടില്ല.

സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രത്തെ പോലെ ചലിച്ച കാഴ്ച്ചയാണ് നിലമ്പൂരില്‍ കാണാനായത്.മുഴുവന്‍ സമയവും എല്ലാ ഉദ്യോഗസ്ഥരും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുത്തു.കാലാവസ്ഥ അനുകൂലമായ നിമിഷം മുതല്‍ കൂടുതല്‍ ഉപകരണങ്ങള്‍ കവളപ്പാറയില്‍ എത്തിച്ചിട്ടുണ്ട്.ആദ്യ ദിവസങ്ങളില്‍,അവിടുത്തെ സാഹചര്യം എന്തായിരുന്നു എന്ന് മാധ്യമസുഹൃത്തുക്കള്‍ക്ക് വ്യക്തമായി അറിയാം.ദുരിതാശ്വാസ സഹായ വിതരണം ആരംഭിച്ചിട്ടുണ്ട്.വഴിക്കടവില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്.കവളപ്പാറയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം ഒരാഴ്ച്ചയ്ക്കകം എത്തിച്ച് നല്‍കും എന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാടിന്റെ നാനാഭാഗത്ത് നിന്നും നിലമ്പൂരിലെ ജനങ്ങളുടെ ക്ഷേമത്തിനായി എത്തിച്ച് നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ സ്‌റ്റോക്ക് ചെയ്ത്,കിറ്റുകളാക്കി,അതില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നിങ്ങളുടേതാക്കി മാറ്റി വിതരണം ചെയ്ത് രാഷ്ട്രീയം കളിച്ചത് നിങ്ങളാണ്.ഇത്രയും കഷ്ടപ്പെടുന്ന ജനതയെ ടോക്കണ്‍ കൊടുത്ത് വീട്ടില്‍ എത്തിച്ച്,അടിയാളന്മാര്‍ക്ക് കൂലിയായി അരി അളന്ന് നല്‍കുന്ന രംഗം പുനരാവിഷ്‌ക്കരിച്ച് രാഷ്ട്രീയം കളിച്ചതും ആരാണെന്ന് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ഇന്ന് നന്നായി അറിയാം.ഡി.എം.കെ എത്തിച്ച് നല്‍കിയ സഹായം,തിരുവനന്തപുരം നഗരസഭ നിലമ്പൂര്‍ നഗരസഭയില്‍ എത്തിച്ച് നല്‍കിയ സഹായം തുടങ്ങിയവയെല്ലാം സ്റ്റിക്കര്‍ പതിപ്പിച്ച കിറ്റുകളിലാക്കിയത് ഞങ്ങളല്ല.എം.എല്‍.എ ഓഫീസ് കേന്ദ്രീകരിച്ച് കളക്ഷന്‍ സെന്റര്‍ ആരംഭിച്ച്,സഹായങ്ങള്‍ താഴെ തട്ടുകളില്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയവും കണ്ടിട്ടില്ല.കഴിഞ്ഞ ദിവസം എസ്.എഫ്.ഐ എടക്കര ഏരിയാ സെക്രട്ടറി അഭിനവിനെ ഗുരുതരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച ഷിബു എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം എം.എല്‍.എ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യവസ്തുക്കള്‍ വന്ന് കളക്ട് ചെയ്ത് കൊണ്ട് പോയിരുന്നു.അതിലൊന്നും ഒരു രാഷ്ട്രീയവും എം.എല്‍.എ എന്ന നിലയില്‍ ഞാന്‍ കാണിച്ചിട്ടില്ല.

(ടോക്കണ്‍ വെച്ച് ദുരിതബാധിതരെ ക്യൂ നിര്‍ത്തി,സ്റ്റിക്കര്‍ ഒട്ടിച്ച കിറ്റ് വിതരണം ചെയ്യുന്ന വീഡിയോ ഒപ്പം ചേര്‍ക്കുന്നു)

സര്‍ക്കാരിനൊപ്പം,പ്രാദേശികമായി കഴിയുന്ന വിഭവങ്ങള്‍ സമാഹരിച്ച് നിലമ്പൂരിന്റെ പുനര്‍നിര്‍മ്മാണത്തിനായി കൈ കോര്‍ക്കുക എന്നുള്ളതാണ് റീബിള്‍ഡ് നിലമ്പൂരിന്റെ ലക്ഷ്യം.അതില്‍ യാതൊരുവിധ രാഷ്ട്രീയവും കണ്ടിട്ടില്ല.രണ്ട് മാസം കൂടുമ്പോഴോ,മാസത്തില്‍ ഒരിക്കലോ കൂടാനുള്ള സംവിധാനമല്ല റീബിള്‍ഡ് നിലമ്പൂര്‍.ഓരോ നിമിഷവും നിലമ്പൂര്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്ന എന്നത് മാത്രമാണ് ഉദ്ദേശം.ഈ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമം ചില തല്‍പ്പരകക്ഷികളുടെ ഭാഗത്ത് നിന്ന് കൃത്യമായി ഉണ്ടാകുന്നുണ്ട്.അത് തന്നെയാണ് ഇന്നലെ എം.പിയെ കാണാന്‍ കഴിയാഞ്ഞതിന്റെ കാരണവും.നിലമ്പൂരിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്,വിലയിരുത്തുന്നുണ്ട്.

ബഹു.രാജ്യസഭാ അംഗം ശ്രീ.പി.വി.അബ്ദുള്‍ വഹാബ് എല്ലാ പിന്തുണകളും നല്‍കി കൂടെയുണ്ട്.രാഷ്ട്രീയം മാറ്റിവച്ച്,ജനങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനും,അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.ആ മന:സ്ഥിതിയാണ് നിലമ്പൂരിലെ മറ്റ് പലര്‍ക്കും ഇല്ലാതെ പോയത്.അത് കൊണ്ട് തന്നെയാണ് നിലമ്പൂരിലെ ജനങ്ങള്‍ പലരേയും വീട്ടില്‍ ഇരുത്തിയതും.വഴിക്കടവില്‍ ഉള്‍പ്പെടെ,ലീഗ് നേതാക്കളെ എം.പിയുടെ പരിപാടികളില്‍ പങ്കെടുപ്പിച്ചില്ല എന്ന വ്യാപക ആരോപണവും നിലവിലുണ്ട്.

നിലമ്പൂരിലെ ചില ഉപചാപക വൃന്ദങ്ങള്‍ എം.പിയുടെ സന്ദര്‍ശ്ശനത്തെ ഹൈജാക്ക് ചെയ്യുകയാണുണ്ടായത്.ഇത്തരക്കാരെ ഒഴിവാക്കി,രാഷ്ട്രീയത്തിനും അതീതമായി നിലകൊണ്ടില്ല എങ്കില്‍ വയനാട് അമേഠിയായി മാറും.ഒരു സംശയവും വേണ്ട.

അപ്പോള്‍ മറക്കേണ്ട..പി.വി.അന്‍വര്‍ മമ്പാട് വന്ന് പത്ത് മിനിറ്റിനുള്ളില്‍ മടങ്ങുന്ന സി.സി.ടി.വി വിഷ്വല്‍ ഒന്ന് പുറത്ത് വിടണം..പ്ലീസ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com