കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ; ഉദ്ഘാടനം നിര്‍വഹിച്ച് പിണറായി (വീഡിയോ) 

കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ; ഉദ്ഘാടനം നിര്‍വഹിച്ച് പിണറായി (വീഡിയോ) 

കൊച്ചി: കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കുടം വരെ കുതിക്കും. സാമ്പത്തിക തലസ്ഥാനത്തെ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ പാതയില്‍ അഞ്ച് സ്‌റ്റേഷനുകളാണുള്ളത്. രാവിലെ 11.30ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷനായി. വിശിഷ്ടാതിഥികള്‍ മെട്രോ യാത്രയും നടത്തി. 

ഉച്ചയ്ക്ക് നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയും യാത്രയില്‍ നഴ്‌സുമാര്‍ക്കൊപ്പം ചേരും. യാത്രക്കാര്‍ക്കുള്ള സര്‍വീസ് നാളെ രാവിലെ ആറിന് ആരംഭിക്കും.

നാളെ മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും. 5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചെലവ്. പുതിയ അഞ്ച് സ്‌റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്‌റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.

തൈക്കൂടത്ത് നിന്ന് ആലുവയിലേക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 53 മിനിറ്റിനുള്ളില്‍ സഞ്ചരിച്ചെത്താമെന്നതാണു പ്രത്യേകത. മഹാരാജാസ് കോളജില്‍നിന്നു സൗത്ത്, കടവന്ത്ര, എളംകുളം സ്‌റ്റേഷനുകളിലേക്ക് 10 രൂപയും വൈറ്റില തൈക്കൂടം സ്‌റ്റേഷനുകളിലേക്ക് 20 രൂപയുമാണ് ചാര്‍ജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com