''പഞ്ച് ഡയലോഗുകള്‍ക്ക് മുന്‍പില്‍ ചൂളിപ്പോകുന്നത് അയാളാണ്'': എസ്‌ഐ അമൃത് രംഗനെതിരെ വിടി ബല്‍റാം

'നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ പൊലീസ് എസ്‌ഐമാരും'
''പഞ്ച് ഡയലോഗുകള്‍ക്ക് മുന്‍പില്‍ ചൂളിപ്പോകുന്നത് അയാളാണ്'': എസ്‌ഐ അമൃത് രംഗനെതിരെ വിടി ബല്‍റാം

കൊച്ചി: സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ ഫോണ്‍ കോള്‍ പ്രചരിപ്പിച്ച എസ്‌ഐയെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സക്കീര്‍ ഹുസൈന്‍ എസ്‌ഐ അമൃത് രംഗനെ ഫോണില്‍ വിളിച്ചത്. 

ഈ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡ് എസ് ഐ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെയാണ് വിടി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസാരമായി കാണേണ്ട കാര്യമല്ലെന്ന് ബല്‍റാം ചൂണ്ടികാട്ടി.

വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരെയൊക്കെപ്പോലെ നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ പൊലീസ് എസ്‌ഐമാരും എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ പ്രതികരിച്ചത്. 

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
 

ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.

വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com