മാതാപിതാക്കള്‍ പ്രാഥമികാവശ്യത്തിനായി ഇറങ്ങി; 13 കാരിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു, ക്രൂരത

13 വയസ്സുകാരിയെ ബാഗുകളടക്കം ബസ് ജീവനക്കാര്‍ വഴിയിലിറക്കിവിട്ടതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: 13 വയസ്സുകാരിയെ ബാഗുകളടക്കം ബസ് ജീവനക്കാര്‍ വഴിയിലിറക്കിവിട്ടതായി പരാതി. എറണാകുളം - കോഴിക്കോട് റൂട്ടിലോടുന്ന മൈത്രി ബസില്‍നിന്നും പെണ്‍കുട്ടിയെ ഇറക്കിവിട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. 

വൈകിട്ട് അഞ്ചരയോടെ ഗുരുവായൂര്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് കഴിഞ്ഞുള്ള റോഡിലാണ് സംഭവം. മാതാപിതാക്കള്‍ക്കും ഇളയ രണ്ട് സഹോദരങ്ങള്‍ക്കും ഒപ്പം പെണ്‍കുട്ടി ഇടപ്പള്ളിയില്‍നിന്നാണ് ബസില്‍ കയറിയത്. കോട്ടയ്ക്കലിലേക്കായിരുന്നു യാത്ര. ബസ് ഗുരുവായൂര്‍ നഗരസഭ  സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ഇളയ സഹോദരങ്ങളുമായി പ്രാഥമികാവശ്യങ്ങള്‍ക്കായി ഇറങ്ങി.

ഇവര്‍ മടങ്ങിവരുന്നതിനു മുന്‍പ് ബസ് പുറപ്പെടുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ വരാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി ബസില്‍ ബഹളം വച്ചു.
ഇതിനിടെ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി ബസ് കുറച്ചുദൂരം പിന്നിട്ടിരുന്നു. ബാഗുകളടക്കം കുട്ടിയെ റോഡുവക്കില്‍ ഇറക്കിവിട്ട് ബസ് പോയി. സ്റ്റാന്‍ഡില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ കണ്ടെത്തി.

ടെംപിള്‍ പൊലീസ് സ്‌റ്റേഷനിലെത്തി മാതാവ് കോട്ടയ്ക്കല്‍ ചെനയ്ക്കല്‍ തുറയ്ക്കല്‍ ഉമ്മു സല്‍മ പരാതി നല്‍കി. പൊലീസ് അന്വേഷിച്ചപ്പോള്‍ ബസ് കുന്നംകുളം കഴിഞ്ഞിരുന്നു. ബസ് ജീവനക്കാരോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com