'ഒരു കാരണവശാലും ഉയര്‍ന്ന ട്രാഫിക് പിഴകള്‍ ആറു മാസത്തേക്കെങ്കിലും കുറക്കരുത്; ആളുകള്‍ ഒന്ന് കഷ്ടപ്പെടട്ടെ': കുറിപ്പ് വൈറല്‍ 

സാധാരണക്കാരും മന്ത്രിമാരും അടക്കം വിവിധ തട്ടുകളിലുളള ആളുകളില്‍ ഒരു വലിയ വിഭാഗം ഉയര്‍ന്ന പിഴ കുറയ്ക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്
'ഒരു കാരണവശാലും ഉയര്‍ന്ന ട്രാഫിക് പിഴകള്‍ ആറു മാസത്തേക്കെങ്കിലും കുറക്കരുത്; ആളുകള്‍ ഒന്ന് കഷ്ടപ്പെടട്ടെ': കുറിപ്പ് വൈറല്‍ 

കൊച്ചി:മോട്ടോര്‍ വാഹനനിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തുന്നതിനെതിരെയുളള പ്രതിഷേധം ശക്തമാകുകയാണ്. സാധാരണക്കാരും മന്ത്രിമാരും അടക്കം വിവിധ തട്ടുകളിലുളള ആളുകളില്‍ ഒരു വലിയ വിഭാഗം ഉയര്‍ന്ന പിഴ കുറയ്ക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം 

ട്രാഫിക്ക് ഫൈനുകള്‍ കുറക്കണോ?

സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്ന ട്രാഫിക് ഫൈനുകള്‍ കുറക്കണമെന്നാണ് പത്രക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ അഭിപ്രായമെന്ന് കാണുന്നു. ഇതിനുപിന്നില്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്.

ട്രാഫിക്ക് ഫൈന്‍ സര്‍ക്കാരിന് വരുമാനം കൂട്ടാനുള്ള പദ്ധതിയല്ല, റോഡില്‍ വാഹനമോടിക്കുന്നവരുടെ തെറ്റായ പെരുമാറ്റങ്ങള്‍ മാറ്റിയെടുക്കാനുള്ള ഉപാധിയാണ്.

ഇന്ത്യയില്‍ ഒരു വര്‍ഷം പത്തുലക്ഷത്തില്‍ കൂടുതല്‍ റോഡപകടങ്ങളില്‍ രണ്ടുലക്ഷത്തോളം ആളുകള്‍ മരിക്കുന്നു, ജീവച്ഛവമായി കിടക്കുന്നത് അതിലുമേറെ. സ്വതന്ത്ര ഇന്ത്യക്ക് യുദ്ധത്തിലും തീവ്രവാദത്തിലും നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകളാണ് ഒരോ വര്‍ഷവും റോഡുകളില്‍ കൊല്ലപ്പെടുന്നത്.
ഇതിങ്ങനെ തുടര്‍ന്നാല്‍ മതിയോ എന്നതാണ് സമൂഹം ചിന്തിക്കേണ്ട ആദ്യത്തെ ചോദ്യം. അതിന് പോരാ എന്ന് ഒട്ടും ആലോചിക്കാതെ എല്ലാവരും ഉത്തരം പറയും.

എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ റോഡുകളില്‍ മരിക്കുന്നത്?
റോഡിന്റെ തകരാറ്, സൈനേജിന്റെയും സിഗ്‌നലിന്റെയും കുഴപ്പങ്ങള്‍, വാഹനത്തിന്റെ പ്രശ്‌നങ്ങള്‍, മോശമായ കാലാവസ്ഥ, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ റോഡപകടം ഉണ്ടാക്കുന്നു.

ഇതില്‍ വാഹനം ഓടിക്കുന്നവരുടെ പെരുമാറ്റമാണ് തൊണ്ണൂറ്റിയഞ്ചു ശതമാനം അപകടങ്ങളുടെയും കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. അതായത് റോഡിന്റെയും വാഹനത്തിന്റെയും സ്ഥിതിയും കാലാവസ്ഥയും എന്തായാലും അതറിഞ്ഞു വാഹനമോടിച്ചാല്‍ പത്തില്‍ ഒന്പത് അപകടങ്ങളും ഒഴിവാക്കാം. അതായത് വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം ജീവന്‍ രക്ഷിക്കാം.

എങ്ങനെയാണ് റോഡില്‍ ഡ്രൈവര്‍മാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നത്? ശരിയായ പരിശീലനം കൊടുക്കുന്നതോടൊപ്പം തെറ്റായ പെരുമാറ്റത്തിന് പ്രത്യാഘാതവും ഉണ്ടാകണം. അവിടെയാണ് ഫൈനിന്റെ പ്രസക്തി.

ഇപ്പോഴത്തെ ഫൈനുകള്‍ ആളുകളെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ അവ ഉദ്ദേശിച്ച ഫലം ഉളവാക്കുന്നുണ്ട് എന്ന് തന്നെയാണ് അര്‍ഥം. ഒരു കാരണവശാലും ഈ ഫൈനുകള്‍ അടുത്ത ആറു മാസത്തേക്കെങ്കിലും കുറക്കരുത്. ആറുമാസം ആളുകള്‍ ഒന്ന് കഷ്ടപ്പെടട്ടെ, അതോടെ അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും. റോഡിലെ അപകടങ്ങള്‍ കുറയുന്നുണ്ടോ എന്ന കണക്കെടുപ്പില്‍, കുറയുന്നുണ്ടെന്നു കണ്ടാല്‍ തീര്‍ച്ചയായും ഈ കയ്പ്പുള്ള കഷായം നാം അര്‍ഹിക്കുന്നത് തന്നെയാണ്.

വലിയ ഫൈനിനോട് എതിര്‍പ്പുള്ളവര്‍ക്ക് നിസാരമായി ചെയ്യാവുന്ന കാര്യം, ആ നിയമം അങ്ങ് അനുസരിച്ചേക്കുക എന്നതാണ്. സര്‍ക്കാര്‍ ശരിക്കും ചമ്മും.

അല്ലാതെ പതിനഞ്ചു ടണ്‍ ഭാരം കയറേണ്ട വണ്ടിയില്‍ മുപ്പത് ടണ്‍ കയറ്റിയിട്ട് മുപ്പതിനായിരം രൂപ ഫൈന്‍ ആയി എന്നു കരയുന്നതു കാണുന്‌പോള്‍ 'ലേശം ഉളുപ്പ്' എന്ന് തോന്നും.

റോഡ് നന്നാക്കിയിട്ട് മതി ഫൈന്‍ മേടിക്കുന്നത് എന്ന തരത്തിലുള്ള ചിന്ത നല്ലതാണ്. എന്നാല്‍ ഓവര്‍ലോഡ് കയറ്റി കണ്‍ട്രോള്‍ പോയി വരുന്ന വണ്ടി നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ കൊല്ലുന്ന അന്ന്, ഈ റോഡ് നന്നായിട്ട് മതി നാട് നന്നാവാന്‍ എന്ന ചിന്ത മാറിക്കോളും.

മുരളി തുമ്മാരുകുടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com