മരട് ഫ്ലാറ്റുകളുടെ കാര്യത്തിൽ എന്തുകൊണ്ട് വ്യത്യസ്ത സമീപനം ? ; സുപ്രിംകോടതി വിധിക്കെതിരെ ജയറാം രമേശ്

മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ വിവേചനപരമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കാന്‍ കോടതി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് ജയറാം രമേശ്
മരട് ഫ്ലാറ്റുകളുടെ കാര്യത്തിൽ എന്തുകൊണ്ട് വ്യത്യസ്ത സമീപനം ? ; സുപ്രിംകോടതി വിധിക്കെതിരെ ജയറാം രമേശ്

ന്യൂഡല്‍ഹി : മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരെ മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് രം​ഗത്ത്. സുപ്രിംകോടതി വിധി വിവേചനപരമാണ്. തീരദേശ പരിപാലന ചട്ടം ലംഘിച്ച കെട്ടിടങ്ങള്‍ക്ക് മുമ്പ് വിധിച്ചത് പിഴ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരുന്നില്ല. അവിടെയുള്ള താമസക്കാരുടെ വികാരം കൂടി കണക്കിലെടുത്ത് പിഴ ശിക്ഷ വിധിക്കുക മാത്രമാണ് ചെയ്തിരുന്നത്. 

മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ വിവേചനപരമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കാന്‍ കോടതി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് ജയറാം രമേശ് പറഞ്ഞു. മുന്‍കാല വിധികള്‍ക്ക് ഉദാഹരണമായി തീരദേശ പരിപാലന ചട്ടം ലംഘിച്ച ഡിഎല്‍ഫ് ഫ്ലാറ്റും മുംബൈയിലെ ആദര്‍ശ് ഹൗസിംഗ് കോംപ്ലക്‌സും പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടിരുന്നില്ല. 

മറിച്ച് പിഴ ശിക്ഷ വിധിച്ച്, അവിടുത്തെ താമസക്കാരുടെയും മറ്റുള്ളവരുടെയും നീതി കൂടി ഉറപ്പാക്കുന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. എന്നാല്‍ കൊച്ചി മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് സുപ്രിംകോടതി വ്യത്യസ്ത സമീപനം സ്വീകരിച്ചതെന്ന് ജയറാം രമേശ് ട്വിറ്റർ കുറിപ്പിലൂടെ ചോദിച്ചു.

അതിനിടെ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിന് കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രിം കോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ, സോളിസിറ്റർ ജനറലിന്റെ നിയമോപദേശം തേടി. വിധി നടപ്പാക്കുന്നതിൽ എന്തെങ്കിലും ഇളവ് കോടതിയിൽ നിന്നു നേടാനാകുമോ എന്നറിയുന്നതിനാണ് സർക്കാർ ചർച്ച നടത്തിയത്.  ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിം കോടതിയിൽ ഹാജരായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com