മിനിമം പോലും താങ്ങാനാവില്ല, മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി

ഉയര്‍ന്ന പിഴ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് മന്ത്രി എ കെ ബാലന്‍
മിനിമം പോലും താങ്ങാനാവില്ല, മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി

തിരുവനന്തപുരം: ഉയര്‍ന്ന പിഴ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. ഇതിനായി എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും എ കെ ബാലന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ നിയമം മോട്ടോര്‍ വാഹനവ്യവസായത്തെ തന്നെ ഇല്ലാതാക്കും. എങ്ങനെയാണ് ഇത്തരത്തിലുളള ഒരു നിയമം രാജ്യത്ത് നടപ്പിലായത് എന്ന് അറിയില്ല. പിഴയില്‍ ഇളവ് വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. മോട്ടോര്‍ വാഹന നിയമലംഘനങ്ങളില്‍ മിനിമവും മാക്‌സിമവും നിശ്ചയിച്ചിട്ടുളള പിഴകളില്‍ മിനിമം തന്നെ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. ഇവയില്‍ മിനിമം വാങ്ങാമെന്ന് തീരുമാനിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് സാധിക്കൂ. ഇതിലും കുറച്ച് പിഴ ഈടാക്കാന്‍ തീരുമാനിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയോ ഓര്‍ഡിനന്‍സോ കൊണ്ടുവരണമെന്നും എ കെ ബാലന്‍ പറഞ്ഞു.

മോട്ടോര്‍ വാഹനനിയമഭേദഗതി പ്രാബല്യത്തില്‍ വന്നതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് നടപ്പാക്കി കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉയര്‍ന്ന പിഴ സംബന്ധിച്ച് പ്രതിഷേധം ഉയര്‍ന്നതോടെ, ഉയര്‍ന്ന പിഴ ചുമത്തുന്നത് കേരളം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.നിയമത്തിന്റെ ഉളളില്‍ നിന്നുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും ഉയര്‍ന്ന തുക ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണെന്നും എ കെ ബാലന്‍ പറഞ്ഞു.

വര്‍ഷംതോറും പിഴ തുക പത്തുശതമാനം കണ്ട് വര്‍ധിപ്പിക്കണമെന്നാണ് നിയമഭേദഗതിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ ബാധിക്കുന്ന ഈ നിയമഭേദഗതി പുനഃപരിശോധിക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com