അഞ്ചില്‍ പോരിന്റെ ചിത്രം തെളിഞ്ഞു; മുന്നണി സ്ഥാനാര്‍ത്ഥികള്‍ റെഡി; പത്രികാ സമര്‍പ്പണം ഇന്ന്

അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് മൂന്ന് മുന്നണികളും ഒരുങ്ങി
അഞ്ചില്‍ പോരിന്റെ ചിത്രം തെളിഞ്ഞു; മുന്നണി സ്ഥാനാര്‍ത്ഥികള്‍ റെഡി; പത്രികാ സമര്‍പ്പണം ഇന്ന്

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് മൂന്ന് മുന്നണികളും ഒരുങ്ങി. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ പ്രചാരണച്ചൂടും ഉയര്‍ന്നു കഴിഞ്ഞു. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം ഇന്ന് പത്രിക സമര്‍പ്പിക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 

സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമാണ് തിങ്കളാഴ്ച. അതിനാല്‍, മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാകും. 

ആഭ്യന്തരത്തര്‍ക്കങ്ങളില്ലാതെ എല്‍ഡിഎഫ് നേരത്തേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നു. അഞ്ച് മണ്ഡലങ്ങളിലും മാസങ്ങള്‍ക്കു മുമ്പ് തെരഞ്ഞെടുപ്പൊരുക്കം തുടങ്ങാന്‍ എല്‍ഡിഎഫിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും എല്‍ഡിഎഫ് പൂര്‍ത്തിയാക്കി.

അവസാന നിമിഷം വരെ പേരുകള്‍ മാറിമറിഞ്ഞെങ്കിലും ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളുമുണ്ടായെങ്കിലും യുഡിഎഫും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥിരം സ്ഥാനാര്‍ത്ഥികളുടെ മുഖം കുറഞ്ഞതും പുതുമുഖങ്ങളും യുവാക്കളും മത്സരത്തിനെത്തിയും ഉപതെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. 

മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്ന ഉപതെരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ത്രികോണ മത്സരം പ്രകടമാകും. ഈ മൂന്ന് മണ്ഡലങ്ങളും കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമമായിരിക്കും യുഡിഎഫിന്റേത്. അരൂരില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയെന്നത് എല്‍ഡിഎഫിന് വെല്ലുവിളിയാണ്. അതിനൊപ്പം, കോന്നിയും മഞ്ചേശ്വരവും ഇടതിനൊപ്പം ചേര്‍ക്കുകയും അവര്‍ ലക്ഷ്യം വയ്ക്കുന്നു. 

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനക്കാരായ ബിജെപിക്ക് അതിനപ്പുറമുള്ള മുന്നേറ്റമാണ് പ്രതീക്ഷ. ശബരിമലയുടെ അലയൊലി വിട്ടൊഴിഞ്ഞിട്ടില്ലെന്നു പ്രതീക്ഷിക്കുന്ന കോന്നിയില്‍ വിജയം ആഗ്രഹിക്കുകയും വട്ടിയൂര്‍ക്കാവിനെയും മഞ്ചേശ്വരത്തെയും പോലെ നിര്‍ണായക സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ രണ്ടാം സ്ഥാനം പ്രതീക്ഷിക്കുകയുമാണ് ബി.ജെ.പി. പാലായിലെ വോട്ടു ചോര്‍ച്ചയ്ക്കു ശേഷം ബിഡിജെഎസും ബിജെപിയും തമ്മില്‍ അത്ര രസത്തിലല്ല. ആ അസ്വാരസ്യങ്ങള്‍ക്കിടയിലും ബിഡിജെഎസിന്റെ തട്ടകമായ ആലപ്പുഴ ജില്ലയിലടക്കം ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇറങ്ങുന്നത്.

പാലാ നല്‍കിയ പാഠം യുഡിഎഫിനെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തം. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു ശേഷം ജനകീയത വീണ്ടെടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയ സിപിഎമ്മിന് പാലാ ഫലം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ലോക്‌സഭയിലെ തിരിച്ചടി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ജനങ്ങളില്‍ നിന്ന് അകന്നുവെന്ന യുഡിഎഫിന്റെ വാദത്തിന് പാലാ ഒരു തടയണ തീര്‍ത്തു. 

യുഡിഎഫ് പ്രചാരണ രംഗത്തേക്ക് പൂര്‍ണമായി എത്തിയിട്ടില്ലെങ്കിലും മണ്ഡലം തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കോന്നിയില്‍ കോണ്‍ഗ്രസിനും മഞ്ചേശ്വരത്ത് ലീഗിനും അപസ്വരങ്ങളെ പൂര്‍ണമായി ശമിപ്പിക്കാനായിട്ടില്ല. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ബാധിക്കുന്ന മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്നവയിലില്ലെന്ന ആശ്വാസമാണ് യുഡിഎഫ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. നാല് സിറ്റിങ് സീറ്റുകളിലും വിജയം ഉറപ്പാക്കുകയും അരൂരില്‍ അട്ടിമറി വിജയം നേടുകയുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

കേരളത്തില്‍ 20 ലക്ഷം പുതിയ അംഗങ്ങള്‍ പാര്‍ട്ടിക്കൊപ്പം വന്നിട്ടുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ആ വളര്‍ച്ചയനുസരിച്ചാണെങ്കില്‍ നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ നില്‍ക്കുന്ന ഈ രണ്ട് മണ്ഡലങ്ങളും താമരയ്‌ക്കൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്കുള്ളത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായതാണ് ബിജെപിക്കു കോന്നിയില്‍ പ്രതീക്ഷ നല്‍കുന്ന ഘടകം. അതുകൊണ്ടാണ് കെ സുരേന്ദ്രനെത്തന്നെ മത്സരത്തിനിറക്കിയത്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്താണ്. യുഡിഎഫിനായി കെ മോഹന്‍ കുമാറും എന്‍ഡിഎയ്ക്ക് എസ് സുരേഷും മത്സരിക്കും.

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറാണ്. പി മോഹന്‍ രാജ് യുഡിഎഫ്, കെ സുരേന്ദ്രന്‍ എന്‍ഡിഎ.

അരൂരില്‍ മനു സി പുളിക്കല്‍ എല്‍ഡിഎഫിനായും ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫിനായും കെപി പ്രകാശ് ബാബു എന്‍ഡിഎക്കായും മത്സരിക്കും.

എറണാകുളത്ത് മനു റോയ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ടിജെ വിനോദ് യുഡിഎഫ്, സിജി രാജഗോപാല്‍ എന്‍ഡിഎ.

മഞ്ചേശ്വരത്ത് എം ശങ്കര്‍ റെയാണ് എല്‍ഡിഎഫിനായി കളത്തില്‍. എംസി ഖമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും രവീശതന്ത്രി കുണ്ടാര്‍ എന്‍ഡിഎയ്ക്കായും മത്സരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com