ലീഗ് ഹൗസ് കോണ്‍ഗ്രസ് ഓഫീസാക്കി; പാകിസ്ഥാന്‍ പതാക വീശുന്ന രാഹുല്‍ ഗാന്ധി; വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th April 2019 07:49 PM  |  

Last Updated: 04th April 2019 08:03 PM  |   A+A-   |  

 

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ കൊടി ഉയര്‍ത്തി പ്രകടനം നടത്തിയതിനെ വര്‍ഗീയവത്കരിച്ച് ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത്. രാഹുലിന്റെ റോഡ് ഷോയ്ക്ക് എതിരെ വ്യാപക പ്രചാരണമാണ് സാമൂഹ്യമ മാധ്യമങ്ങളില്‍ നടക്കുന്നത്. മുസ്‌ലിം ലീഗിന്റെ പതാകയുമായി നടന്ന റോഡ് ഷോ കോണ്‍ഗ്രസിന്റെ അജണ്ട ഒന്നുകൂടി പുറത്തെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി മുഖ്ദാര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. 

 

മുസ്‌ലിം ലീഗിന്റെ ഓഫീസ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഓഫീസാണ് എന്ന തരത്തിലും സംഘപരിവാര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് എന്തിനാണ് കോണ്‍ഗ്രസ് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്നത് എന്ന ചോദ്യത്തോടെയാണ് ഇതെല്ലാം പ്രചരിക്കപ്പെടുന്നത്. 

ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നടത്തിയ ബിജെപി നേതാവ് പ്രേരണ കുമാരിയും രാഹുലിന്റെ റോഡ് ഷോയില്‍ പാകിസ്ഥാന്‍ പതാക വീശി ആഘോഷിക്കുന്നു എന്ന് പ്രചരിപ്പിച്ച് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.